മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനഘോഷത്തിൽ പങ്ക് ചേർന്ന് നടൻ മോഹൻലാൽ. കൊല്ലം അമൃതപുരിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്. അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലൊരുക്കിയ പ്രത്യേക വേദിയിൽ ഇന്നലെ വൈകിട്ടോടെ ആഘോഷ പരിപാടികൾ തുടങ്ങിയിരുന്നു. കൊറോണ മൂലം കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ ആഘോഷങ്ങൾ ഇല്ലായിരുന്നു. അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന മോഹന്‍ലാല്‍ ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങി. ഏറെ നേരം താരം ആഘോഷത്തിൽ പങ്കെടുത്തു.
എല്ലാ വർഷവും ആഘോഷങ്ങൾ അമ്മയുടെ ജന്മദിനമായ സെപ്റ്റംബർ 27നാണെങ്കിലും ഇക്കുറി അതു ജന്മനക്ഷത്രമായ കാർത്തിക നാളിലാണ് ആചരിക്കുന്നത്. അതേസമയം സംസ്‌കാരിക സമ്മേളനത്തിൽ 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കേരളം, തമിഴ്നാട് , തെലങ്കാന സംസ്ഥാനങ്ങളിലെ ഗവർണർമാർ പങ്കെടുത്തു.
‘അമ്മയെ എന്നിലേക്ക് അടുപ്പിച്ചത് എന്തോ എനർജിയാണ്. അതു പറഞ്ഞു മനസ്സിലാക്കാനാകില്ല. അമ്മയും ഗുരുവും വെവ്വേറെയാണെന്നു ഞാൻ കരുതുന്നില്ല. എന്നെ അമ്മയിലേക്കു കൂടുതൽ കൂടുതൽ അടുപ്പിക്കുന്നത് എന്റെ അനുഭവങ്ങളാണ്. അതിൽ പലതും അദ്ഭുതങ്ങളാണ്. അതു ഞാൻ ഇന്നുവരെ ആരുമായും പങ്കുവച്ചിട്ടുമില്ല. എന്റെ എത്രയോ സംശയങ്ങൾക്കു ഞാൻ ഉത്തരം കണ്ടെത്തിയത് അമ്മയിൽനിന്നാണ്. എനിക്ക് അമ്മയെന്നതു ഗുരുകൃപയാണ്. എല്ലാ ഇരുട്ടിലും എന്നെ നയിക്കുന്നൊരു കാരുണ്യത്തിന്റെ വെളിച്ചം’, മോഹൻലാൽ പറഞ്ഞു.
Post Your Comments