ഡൽഹി: കുപ്രസിദ്ധ ഗുണ്ടാസംഘ തലവൻ ആതിഖ് അഹമ്മദിനെയും, സഹോദരൻ അഷ്‌റഫിനെയും പ്രയാഗ്‌രാജിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ സംസ്ഥാന പോലീസിന് വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഈ സംഭവത്തിലും മറ്റ് കേസുകളിലും നീതിയുക്തവും നിഷ്‌പക്ഷവുമായ അന്വേഷണം ഉറപ്പാക്കാൻ ശ്രമിച്ചതായും ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഗുണ്ടാസംഘ തലവൻ വികാസ് ദുബെയുടെ കൊലപാതകവും, 2017 മുതലുള്ള വിവിധ പോലീസ് ഏറ്റുമുട്ടലുകളും റിപ്പോർട്ടിൽ ഉൾപ്പെടുന്നുണ്ട്.
ആതിഖ് അഹമ്മദിന്റെയും അഷ്‌റഫിന്റെയും കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങളും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. കേസിൽ ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം ഭാഗികമായി തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആതിഖിനെയും അഷ്റഫിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് വ്യത്യസ്‌ത ഹർജികൾക്കുള്ള മറുപടിയായാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്.
വികാസ് ദുബെ കേസിൽ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ് ബിഎസ് ചൗഹാന്റെ നേതൃത്വത്തിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ചതായും ഉത്തർപ്രദേശ് സർക്കാർ ചൂണ്ടിക്കാട്ടി. പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ കേസുകൾ കാര്യക്ഷമമായി അന്വേഷിക്കുന്നതിനും തീർപ്പാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു.
Post Your Comments