വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ താരമാണ് ഭീമൻ രഘു. പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെയും നടൻ പ്രേക്ഷക പ്രീതി നേടി. രാഷ്ട്രീയ നിലപാടുകളുടെ പേരിലാണ് താരം ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. അടുത്തിടെയാണ് താരം സിപിഎമ്മിൽ ചേർന്നത്.
പാർട്ടിയോടുള്ള സ്നേഹം കാരണം സിനിമാ പ്രമോഷന് പോയാൽ പോലും ഭീമൻ രഘു ചെങ്കൊടി കയ്യിൽ കരുതും. അടുത്തിടെ കേരള സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്കാരം ദാന ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കവെ ആ സമയം മുഴുവൻ ഭീമൻ രഘു എഴുന്നേറ്റ് നിന്നത് വലിയ വാർത്തയായിരുന്നു.
മുൻ നിരയിൽ ഗൗരവത്തോടെ ഇരുന്നിരുന്ന ഭീമൻ രഘു മുഖ്യമന്ത്രി പ്രസംഗിക്കാൻ തുടങ്ങിയതോടെ എഴുന്നേറ്റ് നിൽക്കുകയായിരുന്നു. പിന്നീട് അതിനുള്ള കാരണം തിരക്കിയപ്പോൾ ബഹുമാനം കൊണ്ടാണെന്നാണ് ഭീമന് രഘു പറഞ്ഞത്. എന്നാൽ ഭൂരിപക്ഷം ആളുകളും ഭീമൻ രഘു പബ്ലിസിറ്റി സ്റ്റണ്ട് നടത്തി സ്വയം കോമാളിയാകുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്.
പരിപാടിയിൽ ഭീമൻ രഘു എഴുന്നേറ്റ് നിൽക്കുന്നത് കണ്ട് സദസിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ചിരിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. ‘ആ സംഭവത്തിന് ശേഷം സഖാവിനെ വിളിച്ചിരുന്നു. ഒന്നും പറഞ്ഞില്ല. എവിടെ ഉണ്ടെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഷൂട്ടിങിന്റെ തിരക്കിലാണെന്ന്. ആ കൊള്ളാരുന്ന് കേട്ടോ.’
‘അത്രയെ പറഞ്ഞുള്ളു’, എന്നാണ് പിണറായി വിജയനെ കുറിച്ച് ഭീമൻ രഘു പറഞ്ഞത്. ബിജെപി പാർട്ടിയിൽ ആയിരുന്നു തുടക്കത്തിൽ ഭീമൻ രഘു പ്രവർത്തിച്ചിരുന്നത്. പിന്നീടാണ് സിപിഎമ്മിലേക്ക് മാറിയത്. നാനൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഭീമൻ രഘു തമിഴ് അടക്കം ചില അന്യഭാഷ സിനിമകളുടെയും ഭാഗമായിട്ടുണ്ട്.
ഇപ്പോഴിതാ ഒരിക്കൽ വിജയ് തന്റെ തൊട്ടടുത്ത് വന്ന് ഇരുന്നിട്ടും തനിക്ക് മനസിലായില്ലെന്ന് പറയുന്ന ഭീമൻ രഘുവിന്റെ വീഡിയോയാണ് വൈറലാകുന്നത്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വിജയിയെ കുറിച്ചും രജിനികാന്തിനെ കുറിച്ചും ഭീമൻ രഘു സംസാരിച്ചത്.
‘വിജയ് ഒരിക്കൽ എന്റെ അടുത്ത് വന്നിരുന്നിട്ട് എനിക്ക് മനസിലായില്ല. തൊട്ടടുത്തായിരുന്നു ഇരുന്നത്. പൂക്കാണ്ടി പോലൊരു പയ്യനായിരുന്നു. ഞാൻ ആദ്യം ശ്രദ്ധിച്ചില്ല. ഞാൻ ബുക്ക് വായിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് എല്ലാവരും കുശുകുശുക്കുന്നത് കേട്ടത്. അങ്ങനെയാണ് ഞാൻ കാര്യമായി ഒന്ന് തിരിഞ്ഞ് നോക്കാമെന്ന് കരുതിയത്.’
‘ശേഷം വിജയ് അല്ലേയെന്ന് ഞാൻ ചോദിച്ചു. ഉടനെ എന്റെ പേര് എന്താണെന്ന് ചോദിച്ചു. ആദ്യം ഞാൻ രഘു എന്ന് മാത്രമാണ് പറഞ്ഞത്. അപ്പോൾ വിജയ് പേരിന് മുന്നിലും പിന്നിലും എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഞാൻ ഭീമൻ രഘുവെന്ന് പറഞ്ഞു. അപ്പോൾ തന്നെ വിജയ്ക്ക് മനസിലായി.’
‘എന്റെ പേര് കേട്ടിട്ടുണ്ടെന്നും സിനിമയിൽ കണ്ടിട്ടുണ്ടെന്നും സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും കൂടെ ഫൈറ്റ് ചെയ്യാറില്ലേയെന്നും ചോദിച്ചു. സിനിമയിൽ കാണുന്നതിനേക്കാൾ വ്യത്യാസമാണ് നേരിൽ കാണുമ്പോഴെന്നും പറഞ്ഞു. അത് ക്യാരക്ടറാണ് ഇത് ഒറിജിനലാണെന്ന് ഞാൻ മറുപടി പറഞ്ഞു.’
‘ആദ്യം കണ്ടപ്പോൾ മനസിലായില്ലെന്നും ഞാൻ വിജയിയോട് പറഞ്ഞു. അതുപോലെ രജിനികാന്തിനെയും എയർപോട്ടിൽ വെച്ച് കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും’, ഭീമൻ രഘു പറയുന്നു. മിസ്റ്റർ ഹാക്കറാണ് ഭീമൻ രഘുവിന്റെ ഏറ്റവും പുതിയ സിനിമ.
Post Your Comments