ചെന്നൈ: ബി.ജെ.പിയുടെ ഏറ്റവും വലിയ ആയുധം വ്യതിചലന രാഷ്ട്രീയമാണെന്ന് ആരോപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മുൻ മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. ബി.ജെ.പിയുടെ ഏറ്റവും വലിയ ആയുധം വഴിതിരിച്ചുവിടൽ രാഷ്ട്രീയമാണെന്നും അവർ യഥാർത്ഥ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കില്ല, മറിച്ച് പ്രശ്‌നങ്ങളില്ലാത്തപ്പോൾ അവർ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും സ്റ്റാലിൻ ആരോപിച്ചു.
1956-ൽ മധുരയിൽ നടന്ന ഒരു പരിപാടിയിൽ അണ്ണാദുരൈ ഹിന്ദുമതത്തെ അവഹേളിച്ചു എന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു സ്റ്റാലിൻ. അണ്ണാദുരൈ തേവർ സമുദായത്തിലെ കുലപതിയായ മുത്തുരാമലിംഗ തേവരോട് മാപ്പ് പറഞ്ഞതായി അണ്ണാമലൈ പറഞ്ഞു. ഡി.എം.കെ ഒരിക്കലും വൈദ്യുതി നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.എം.കെ അധികാരത്തിൽ വരുന്നതിന് അഞ്ച് വർഷം മുമ്പ് മരുധമല ക്ഷേത്രത്തിലേക്ക് വൈദ്യുതി ലഭിച്ചു എന്നും അണ്ണാമലൈ പറഞ്ഞിരുന്നു.
ബി.ജെ.പിക്കൊപ്പം എ.ഐ.എ.ഡി.എം.കെയെയും സ്റ്റാലിൻ കടന്നാക്രമിച്ചു. ബി.ജെ.പിക്കൊപ്പം അവരും നുണകൾ പ്രചരിപ്പിക്കാൻ ആളുകളെ വാടകയ്ക്കെടുക്കുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു. ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും പ്രചരിപ്പിക്കുന്ന നുണകളുടെ ആയുസ്സ് ഡിഎംകെയുടെ പ്രത്യയശാസ്ത്രത്തിന്റെ ശക്തിയേക്കാൾ ചെറുതാണ് എന്ന് സ്റ്റാലിൻ പറഞ്ഞു.
‘അവരുടെ ആശയങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും എപ്പോഴെങ്കിലും സംസാരിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? സമൂഹത്തിലെ അസമത്വങ്ങളെ പിന്തുണയ്ക്കുകയും വിദ്വേഷത്തിന്റെ വിത്ത് പാകുകയും ചെയ്യുന്ന പാർട്ടിയായതിനാൽ ബി.ജെ.പിക്ക് അവരുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. എഐഎഡിഎംകെയെ സംബന്ധിച്ചിടത്തോളം ആ പാർട്ടിക്ക് ഒന്നുമില്ല. അതിനാൽ ഞങ്ങളെ കുറിച്ച് നുണകൾ പ്രചരിപ്പിക്കുക മാത്രമാണ് അവരുടെ ജോലി’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments