തൃശൂര്‍: സിപിഎം പ്രാദേശിക നേതാവ് പി.ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ നിക്ഷേപം ഉണ്ടെന്ന ഇഡി റിപ്പോര്‍ട്ട് തള്ളി പെരിങ്ങണ്ടൂര്‍ ബാങ്ക് ഭരണസമിതി. അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും ഭരണസമിതി പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ നിക്ഷേപമുണ്ടെന്നായിരുന്നു ഇഡി റിപ്പോര്‍ട്ട്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ ബാങ്കിലെ നിക്ഷേപകരില്‍ ആശങ്ക ജനിപ്പിക്കുന്നതാണെന്നും ഭരണസമിതി വ്യക്തമാക്കി.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ സിപിഎം നേതാവ് പി.ആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് ഇഡി. അരവിന്ദാക്ഷന്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ വിദേശയാത്ര നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ ചാക്കോ എന്ന വ്യക്തിക്കൊപ്പം അരവിന്ദാക്ഷന്‍ രണ്ട് തവണ വിദേശയാത്ര നടത്തിയതായി ഇഡി വ്യക്തമാക്കുന്നു. കൂടാതെ 1600 രൂപ മാസം പെന്‍ഷന്‍ വാങ്ങുന്ന അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 63,56,460 രൂപ എത്തിയെന്ന് ഇഡി കണ്ടത്തി. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത് മേനോന് വിറ്റതായും കണ്ടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ഇഡി വ്യക്തമാക്കുന്നു.
Post Your Comments