
തൃശൂർ: ആറാംകല്ലിൽ ബൈക്ക് ഡിവൈഡറിൽ തട്ടിമറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാണഞ്ചേരി സ്വദേശി വിഷ്ണുവാണ്(27) മരിച്ചത്.
ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പാണഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി.രാജപ്പന്റെ മകനാണ് മരിച്ച വിഷ്ണു. ചാറ്റൽമഴ ഉണ്ടായിരുന്നതിനാൽ ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമാറി ഡിവൈഡിൽ ഇടിച്ചുമറിയുകയായിരുന്നു.
അതേസമയം, തൃശൂരിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹസീബ്(19), കുന്നുങ്ങൾ അബ്ദുൽ റസാഖിന്റെ മകൻ ഹാരിസ്(19) എന്നിവരാണ് മരിച്ചത്. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് പുലർച്ചെ 1.15-ന് കയ്പമംഗലത്ത് മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു സംഭവം. ചളിങ്ങാട് നബിദിന ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ കണ്ട് മടങ്ങുകയായിരുന്നു സംഘം.
അപകടത്തിൽപെട്ട കാറിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്. വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അർജുൻ, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കറ്റത്. പരിക്കേറ്റവരെ കൊടുങ്ങല്ലൂരിലെ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments