കോട്ടയം: പെറ്റ് ഹോസ്റ്റലിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന കേസില്‍ പ്രതി റോബിൻ ജോർജ് ഗുണ്ടാ തലവന്മാരുടെ ഉറ്റ ചങ്ങാതിയെന്ന് പൊലീസ്. ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് ലഹരി എത്തിക്കുന്നത് റോബിനാണ് എന്നും പൊലീസ് വ്യക്തമാക്കി. റോബിനെതിരെ ഗുരുതര വകുപ്പുകൾ ചേർക്കാൻ പൊലീസ് നിയമോപദേശം തേടി.
ഇന്നലെ മീനച്ചിലാർ നീന്തിക്കടന്ന റോബിൻ പോയത് എവിടെക്കെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഇന്നലെ വരെ ഒളിവിൽ കഴിഞ്ഞത് പാറമ്പുഴയിലെ വീടിന് സമീപമാണ്.
ഇന്നലെ രാവിലെ പൊലീസ് നടത്തിയ തെരച്ചിലിൽ റോബിന്റെ ഒളിയിടം കണ്ടെത്താനായെങ്കിലും പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം റോബിനെ അന്വേഷിച്ച് ഡോഗ് ഹോസ്റ്റലിൽ എത്തിയ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കോട്ടയം സ്വദേശികളായ റൊണാൾഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്.
പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം നൽകിയ 13 നായകളാണ് റോബിൻ നടത്തുന്ന പെറ്റ് ഹോസ്റ്റലിൽ ഉള്ളത്. ഡോഗ് സ്ക്വാഡിലെ വിദഗ്ദരുടെ സഹായത്തോടെയായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. റോബിൻ നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഡോഗ് ഹോസ്റ്റലിന്റെ മറവിലാണ് കഴിഞ്ഞ ഒന്നര വർഷമായി കുമാരനല്ലൂർ സ്വദേശി റോബിൻ ലഹരി കച്ചവടം നടത്തിയിരുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റോബിൻ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 18 കിലോ കഞ്ചാവാണ് പൊലീസ് കണ്ടെത്തിയത്. പ്രദേശത്ത് സ്ഥിരം ശല്യക്കാരൻ ആയിരുന്നു റോബിൻ എന്ന് നാട്ടുകാരും പറയുന്നു. സമീപവാസികളെ ആക്രമിക്കാൻ നായ്ക്കളെ അഴിച്ചുവിട്ട സംഭവത്തിൽ റോബിനെതിരെ വേറെയും കേസുകൾ ഉണ്ട്.
Post Your Comments