ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ വീണ്ടും രംഗത്ത്. ഇത്തവണ ടാസ്ക് അടിസ്ഥാനത്തിലുള്ള തട്ടിപ്പുകളെ കുറിച്ചാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യൂട്യൂബിൽ വീഡിയോ കണ്ടാൽ പണം തരാമെന്ന വാഗ്ദാനമാണ് പുതിയ തട്ടിപ്പിന്റെ ഉള്ളടക്കം. കൂടാതെ, സിനിമ റേറ്റിംഗ് നടത്തിയാലോ, പ്രത്യേക വ്യക്തികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടർന്നാലോ പണം നൽകുമെന്ന തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളും പ്രചരിക്കുന്നുണ്ട്.
ടെലഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ മുഖാന്തരമാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തുന്നത്. നിശ്ചിത സമയത്തിനുള്ളിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതിനാൽ പല ആളുകളും തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ട്. വിശ്വസനീയമായ രീതിയിൽ ചില കാര്യങ്ങൾ ആവശ്യപ്പെട്ടാണ് ആശയ വിനിമയം നടത്തുന്നതെങ്കിലും, പിന്നീട് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുന്നതാണ്.
Also Read: ഗുജറാത്തിൽ സെമി കണ്ടക്ടർ നിർമ്മാണത്തിന് കളമൊരുങ്ങി, ലക്ഷ്യം വമ്പൻ നേട്ടങ്ങൾ
എക്സ് പ്ലാറ്റ്ഫോമിൽ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവൺമെന്റിന്റെ സൈബർ സുരക്ഷ അവബോധ ഹാൻഡിലായ സൈബർ ദോസ്ത് വഴി പങ്കുവെച്ചിട്ടുണ്ട്. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സൈബർ ദോസ്ത് വഴി പങ്കുവെച്ചത്. ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ 1930 എന്ന നമ്പറിലേക്ക് പരാതിപ്പെടാവുന്നതാണ്.
Post Your Comments