കോട്ടയം: കോട്ടയത്ത് ഡോഗ് ഹോസ്റ്റലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ പ്രതി റോബിന്റെ സങ്കേതത്തിലെത്തിയ രണ്ട് യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. കോട്ടയം സ്വദേശികളായ റൊണാൾഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവരിൽ നിന്ന് റോബിനെ കുറിച്ച് പൊലീസിന് നിർണായക സൂചന ലഭിച്ചിട്ടുണ്ട്.
റോബിനുമായി ലഹരി ഇടപാട് നടത്തിയവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. നായകളെ ഹോസ്റ്റലിൽ ഏല്പിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. റോബിനായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്. ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് പൊലീസിന് നേരെ നായകളെ അഴിച്ചു വിട്ട ശേഷം റോബിൻ ഓടി രക്ഷപെട്ടത്. പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനം നൽകിയ 13 നായകളാണ് റോബിൻ നടത്തുന്ന പെറ്റ് ഹോസ്റ്റലിൽ ഉള്ളത്. ഡോഗ് സ്ക്വാഡിലെ വിദഗ്ദരുടെ സഹായത്തോടെയായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. റോബിൻ നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഡോഗ് ഹോസ്റ്റലിന്റെ മറവിലാണ് കഴിഞ്ഞ ഒന്നര വർഷമായി കുമാരനല്ലൂർ സ്വദേശി റോബിൻ ലഹരി കച്ചവടം നടത്തിയിരുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റോബിൻ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 18 കിലോ കഞ്ചാവാണ് പൊലീസ് കണ്ടെത്തിയത്. പ്രദേശത്ത് സ്ഥിരം ശല്യക്കാരൻ ആയിരുന്നു റോബിൻ എന്ന് നാട്ടുകാരും പറയുന്നു. സമീപവാസികളെ ആക്രമിക്കാൻ നായ്ക്കളെ അഴിച്ചുവിട്ട സംഭവത്തിൽ റോബിനെതിരെ വേറെയും കേസുകൾ ഉണ്ട്.
Post Your Comments