മറയൂർ: ചന്ദന ഡിവിഷനിൽ കാന്തല്ലൂർ റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് പ്രൊട്ടക്ഷൻ വാച്ചർക്ക് ഗുരുതര പരിക്ക്. കാന്തല്ലൂർ വണ്ണാന്തുറ കോളനിയിലെ സി. മണി(34)ക്കാണ് പരിക്കേറ്റത്. വണ്ണാന്തുറൈ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറാണ് മണി.
കഴിഞ്ഞദിവസം രാത്രി എട്ടോടെ വണ്ണാന്തുറയ്ക്ക് സമീപം കൊശചോലയിലായിരുന്നു സംഭവം. സഹപ്രവർത്തകനായ ഈശ്വരമൂർത്തിക്കൊപ്പം ഫീൽഡിൽ സഞ്ചരിക്കുന്നതിനിടെ മരത്തിന്റെ ശിഖരം ഒടിയുന്ന ശബ്ദം കേട്ട ഭാഗത്തേക്ക് പോയ മണി മരം ഒടിച്ചുകൊണ്ടിരുന്ന ഒറ്റയാന്റെ മുന്നിൽപ്പെടുകയായിരുന്നു. ഈ സമയം കാട്ടാന തിരിഞ്ഞ് മണിയെ ആക്രമിച്ചു. കാട്ടാനയിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ വലിയ പാറയിൽനിന്ന് താഴേക്കു വീണാണ് പരിക്കേറ്റത്.
മണിയുടെ നിലവിളി കേട്ട് ഈശ്വരമൂർത്തി ഓടിയെത്തി സ്റ്റേഷനിൽ വിളിച്ച് അറിയിച്ചതിനെത്തുടർന്ന് ജീവനക്കാർ എത്തിയാണ് മണിയെ ആശുപത്രിയിൽ എത്തിച്ചത്. മണിയെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments