തൃശ്ശൂർ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കരുവന്നൂര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ സുരേഷ്. സ്പെഷ്യല്‍ ബ്രാഞ്ചും ഇന്‍റലിജന്‍സ് ബ്യൂറോയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയതോടെയാണ് ഭീഷണി വർധിച്ചത്. നേരത്തെ ബിജു കരീമും ജീല്‍സും ഭീഷണി മുഴക്കിയതായും സുരേഷ് വ്യക്തമാക്കി.
അതിനിടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീനെ ചോദ്യം ചെയ്യുന്നതിൽ ഇഡി ഇന്ന് തീരുമാനമെടുക്കും. ബെനാമി ലോൺ തട്ടിപ്പിൽ എസി മൊയ്തീനെതിരെ തെളിവുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും നിയമസഭയിൽ ക്ലാസ് ഉണ്ടെന്ന് ചൂണ്ടികാട്ടി മൊയ്തീൻ വിട്ട് നിൽക്കുകയായിരുന്നു.
നിലവിൽ അറസ്റ്റിലുള്ള സതീഷ് കുമാർ, ലോൺ എടുത്ത് മുങ്ങിയ അനിൽകുമാർ എന്നിവരുമായി എസി മൊയ്തീന് അടുത്ത ബന്ധമുണ്ടെന്നാണ് ഇഡിയുടെ വാദം. ഇഡിക്കെതിരെ പരാതി ഉന്നയിച്ച പി ആർ അരവിന്ദാക്ഷൻ, അനൂപ് കാട എന്നിവരെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് എൻഫോഴ്സ്മെന്റ് നിലപാട്. അതേസമയം ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന അരവിന്ദാക്ഷന്‍റെ പരാതിയിൽ 7 ദിവസം പിന്നിട്ടിട്ടും പൊലീസ് കേസ് എടുത്തിട്ടില്ല.
Post Your Comments