ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകം സംബന്ധിച്ച് കാനഡയുടെ നിലപാടാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്. ഈ വിഷയം സംബന്ധിച്ച് അമേരിക്ക സ്വീകരിച്ച നിലപാടില്‍ ഇന്ത്യയ്ക്ക് അതൃപ്തി ഉളവാക്കി. പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ അമേരിക്ക നടത്തുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വിമര്‍ശിച്ചു. അമേരിക്ക ഇത് തുടര്‍ന്നാല്‍ ഇന്ത്യ പരസ്യമായി തന്നെ അതൃപ്തി അറിയിക്കും എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ-കാനഡ പ്രശ്‌ന പരിഹാരത്തിന് അമേരിക്ക കൂടി ഉള്‍പ്പെട്ട ചര്‍ച്ച നടന്നേക്കുമെന്നാണ് വിവരം. എന്തെങ്കിലും നടപടി ആര്‍ക്കെങ്കിലും എതിരെ എടുക്കാവുന്ന ഒരു തെളിവും കാനഡ നല്‍കിയിട്ടില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. നിജ്ജര്‍ കൊലപാതകത്തില്‍ പങ്കുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ജയിലില്‍ അടക്കണമെന്ന് വീണ്ടും ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചിട്ടുണ്ട്.
നേരത്തെ ക്വാഡ് ഉച്ചകോടിയില്‍ ഭീകരവാദത്തെയും പിന്തുണക്കുന്ന രാജ്യങ്ങളെയും എതിര്‍ക്കണമെന്നും അതിന് പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്ക നിലപാടെടുത്തിരുന്നു. ഇന്ത്യ കൂടി അംഗമായ കൂട്ടായ്മയില്‍ ഇന്ത്യയുടെ നിലപാടിനൊപ്പമായിരുന്നു അമേരിക്ക. എന്നാല്‍ തൊട്ടുപിന്നാലെ കാനഡയെ അനുകൂലിച്ചും ഇന്ത്യയെ പരസ്യമായി വിമര്‍ശിച്ചും യുഎസ് വിദേശകാര്യ വകുപ്പ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു.
എന്നാല്‍ വിഷയത്തില്‍ ഇന്ത്യ കാനഡക്കെതിരെ കടുത്ത നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ്. അതേസമയം ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍ ഇന്ന് പ്രതികരിച്ചു. ഇന്തോ – പസഫിക് സഹകരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബന്ധം കൂടുതല്‍ ഊഷ്മളമായി തുടരാനാണ് കാനഡ ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാകുമെന്നും അതോടെ ഇന്ത്യയുമായി കൂടുതല്‍ ദൃഢമായ ബന്ധം മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബില്‍ ബ്ലെയര്‍ വ്യക്തമാക്കി.
Post Your Comments