വിപണി വിഹിതം നഷ്ടപ്പെട്ടതോടെ ഇന്ത്യൻ വിപണിയിൽ നിന്നും ചൈനീസ് സ്മാർട്ട് ടിവികൾ ഉടൻ വിടവാങ്ങിയേക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുറഞ്ഞ വിലയുള്ള ചൈനീസ് സ്മാർട്ട് ടിവികൾക്ക് ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രീതി നേടിയെടുക്കാൻ സാധിച്ചിരുന്നു. എന്നാൽ, തദ്ദേശീയമായി വികസിപ്പിച്ചതും മറ്റു ബ്രാൻഡുകളും സ്മാർട്ട് ടിവി വിപണിയിലേക്ക് സജീവമായി എത്തിയതോടെ ചൈനീസ് കമ്പനികൾക്ക് മങ്ങൽ ഏൽക്കുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചില ചൈനീസ് ബ്രാൻഡുകളും, അവരുടെ ടിവി സെഗ്മെന്റിലെ പല മോഡലുകളും ഉൽപ്പാദന തോത് കുറയ്ക്കുകയോ, ടെലിവിഷൻ വിപണിയിൽ നിന്ന് പൂർണമായി പുറത്തുകടക്കുകയോ ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
ചെറിയ മാർജിൻ ഉൽപ്പന്നങ്ങൾ നൽകി മാത്രം ടെലിവിഷൻ വ്യവസായ രംഗത്ത് വിപണി മത്സരങ്ങളിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന് ചൈനീസ് ബ്രാൻഡുകൾ മനസിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വില കുറഞ്ഞ സെഗ്മെന്റിലെ വിൽപ്പന സുസ്ഥിരമായിരിക്കില്ലെന്ന് കണ്ടെത്തിയതോടെയാണ് പുതിയ നീക്കം. ടെലിവിഷൻ ഇറക്കുമതിയിൽ ചൈനീസ് ബ്രാൻഡുകളുടെ വിഹിതം കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ 35.7 ശതമാനമായിരുന്നു. എന്നാൽ, ഈ വർഷം സമാന പാദത്തിൽ ഇത് 33.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എൽജി, സാംസംഗ് പോലെയുള്ള മുൻനിര ബ്രാൻഡുകൾ എൻട്രി ലെവൽ മോഡലുകളുടെ വില കുറച്ചത് ചൈനീസ് ബ്രാൻഡുകൾക്ക് വലിയ രീതിയിലാണ് വെല്ലുവിളി ഉയർത്തിയത്.
Post Your Comments