കന്നിമാസ പൂജകൾ പൂർത്തിയാക്കിയതോടെ ശബരിമല നടയടച്ചു. ഇന്നലെ രാത്രി 10:00 മണിക്ക് അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും ധരിപ്പിച്ചതിനുശേഷമാണ് നടയടച്ചത്. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, സന്നിധാനം മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി എന്നിവരാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം നൽകിയത്. നട തുറന്ന എല്ലാ ദിവസവും നിർമ്മാല്യ ദർശനം, പതിവ് അഭിഷേകം, മഹാഗണപതിഹോമം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉദയാസ്തമന പൂജ, ഉഷപൂജ, ലക്ഷാർച്ചന, കലശാഭിഷേകം, ഭസ്മാഭിഷേകം, ഉച്ചപൂജ, ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടന്നു.
സെപ്റ്റംബർ 17 മുതലാണ് കന്നിമാസ പൂജകൾ ആരംഭിച്ചത്. ഇതിനോടകം തന്നെ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നത്. ഇനി തുലാമാസ പൂജകൾക്കായാണ് നട തുറക്കുക. ഒക്ടോബർ 17-നാണ് തുലാമാസ പൂജകൾ ആരംഭിക്കുന്നത്. 18-ന് സന്നിധാനം, മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതാണ്. പന്തളം കൊട്ടാരത്തിൽ നിന്ന് നിശ്ചയിക്കുന്ന കുട്ടികളാണ് മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക.
Also Read: സാമ്പത്തിക രംഗത്ത് വൻ ശക്തിയാകാൻ ഇന്ത്യ, അവലോകന റിപ്പോർട്ട് പുറത്തുവിട്ട് ധനമന്ത്രാലയം
Post Your Comments