ചെന്നൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ബി.ജെ.പി സർക്കാർ അഴിമതിയുടെ കൂമ്പാരമാണെന്ന് ശനിയാഴ്ചത്തെ തന്റെ ‘സ്പീക്കിംഗ് ഫോർ ഇന്ത്യ’ പോഡ്‌കാസ്റ്റ് പരമ്പരയുടെ രണ്ടാം എപ്പിസോഡിൽ സ്റ്റാലിൻ ആരോപിച്ചു. വർഗീയത, അഴിമതി, കോർപ്പറേറ്റ് മുതലാളിത്തം, വഞ്ചന, സ്വഭാവഹത്യ എന്നിവയാണ് ബി.ജെ.പിയുടെ മുഖമെന്നും സ്റ്റാലിൻ ആരോപിച്ചു.
നമ്മുടെ രാജ്യവും അവിടുത്തെ ജനങ്ങളും വീണ്ടും ബി.ജെ.പിയിൽ നിന്ന് വഞ്ചിതരാകുന്നത് തടയാൻ വേണ്ടിയാണ് താൻ ഈ ‘സ്പീക്കിംഗ് ഫോർ ഇന്ത്യ’ സീരീസ് ആരംഭിച്ചതെന്ന് സ്റ്റാലിൻ അവകാശപ്പെട്ടു. 2014ലും 2019ലും വഞ്ചിക്കപ്പെട്ടുവെന്നും 2024 ൽ അത് ആവർത്തിക്കരുതെന്നും സ്റ്റാലിൻ പറഞ്ഞു. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ മനസ്സിനെ വ്യതിചലിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ സഖ്യം അഴിമതിക്കാരുടെ കൂട്ടുകെട്ടാണെന്നാണ് പ്രധാനമന്ത്രി മോദി ആരോപിക്കുന്നത്. എന്നാൽ സിഎജി റിപ്പോർട്ട് ഇപ്പോൾ അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലെ അഴിമതി തുറന്നുകാട്ടിയെന്നും സ്റ്റാലിൻ ആരോപിച്ചു.
സാധാരണക്കാർക്ക് ഉച്ചരിക്കാൻ പോലും കഴിയാത്ത വാക്കുകൾ ഉപയോഗിച്ച് ബിജെപി സർക്കാർ എല്ലാ പദ്ധതികൾക്കും പേരിടുന്നു, അതിനാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസിലാക്കാൻ കഴിയില്ല എന്നാണ് സ്റ്റാലിന്റെ വാദം. അയോധ്യ പദ്ധതി മുതൽ ആയുഷ്മാൻ ഭാരത് പദ്ധതി വരെ 7.5 ലക്ഷം കോടി രൂപയുടെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സിഎജി റിപ്പോർട്ടുകൾ പറയുന്നുവെന്നും ഡിഎംകെ അധ്യക്ഷൻ കൂടിയായ സ്റ്റാലിൻ കൂട്ടിച്ചേർത്തു.
Post Your Comments