ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്നങ്ങൾ സൃഷ്ടിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യ വളർന്നുവരുന്ന പ്രാധാന്യമുള്ള രാജ്യമാണെന്നും, തന്റെ സർക്കാർ ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്നങ്ങളുണ്ടാക്കാനോ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു ട്രൂഡോയുടെ പ്രതികരണം. ഖാലിസ്ഥാനി ഭീകരനും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ ഉടലെടുത്ത തർക്കത്തിനിടയിലാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.
‘ഇന്ത്യ വളർന്നുവരുന്ന, പ്രാധാന്യമുള്ള രാജ്യമാണെന്നും നമ്മൾ തുടർന്നും ഒരുമിച്ച് പ്രവർത്തിക്കേണ്ട രാജ്യമാണെന്നും തർക്കമില്ല, മേഖലയിൽ മാത്രമല്ല ആഗോള തലത്തിൽ തന്നെ. പ്രകോപിപ്പിക്കാനോ പ്രശ്നങ്ങൾ സൃഷ്ടിക്കാനോ ഞങ്ങൾ ശ്രമിച്ചിട്ടില്ല. എന്നാൽ നിയമവാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾക്ക് സംശയമേതുമില്ല, കനേഡിയൻ പൗരൻമാരെ സംരക്ഷിക്കേണ്ടതിന്റെയും മൂല്യങ്ങൾക്കായി നിലകൊള്ളുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ ബോധവാന്മാരാണ്’- പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചും വിഷയത്തിൽ കാനഡയുടെ സഖ്യകക്ഷികളുടെ നിശബ്ദതയെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടിയായി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ നേരിട്ട് ചർച്ച നടത്തിയിരുന്നുവെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ‘നമ്മളുടേത് നിയമവാഴ്ചയുള്ള ഒരു രാജ്യമാണ്. കനേഡിയൻമാരെ സുരക്ഷിതമായി നിർത്തുന്നതിനും നമ്മുടെ മൂല്യങ്ങൾ അന്തർദ്ദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്താനും തയ്യാറാണ്’ നിജ്ജാറിനെ കനേഡിയൻ എന്ന് കൂടി അദ്ദേഹം വിശേഷിപ്പിച്ചു.
അതേസമയം, 2020ൽ നിജ്ജാറിനെ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ജൂണിൽ കാനഡയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് നടന്ന വെടിവെപ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
ഇതുവരെ, ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഇന്ത്യ നിഷേധിക്കുകയും ഇതിന് മണിക്കൂറുകൾക്ക് ശേഷം കനേഡിയൻ നയതന്ത്രജ്ഞനായ ഒലിവിയർ സിൽവസ്റ്ററിനെ പുറത്താക്കുകയും ചെയ്തിരുന്നു. കനേഡിയൻ പൗരന്മാർക്ക് അവർ ഏത് രാജ്യത്താണ് താമസിക്കുന്നത് എന്നത് പരിഗണിക്കാതെ തന്നെ ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്തിരുന്നു.
Post Your Comments