തിരുവനന്തപുരം: തങ്ങളുടെ ഡിപ്പോകളിലെ ശൗചാലയ നിരക്ക് വർദ്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി. ഇനിമുതൽ കെ.എസ്.ആർ.ടി.സി സ്റ്റാണ്ടുകളിലെ ശൗചാലയം ഉപയോഗിക്കണമെങ്കിൽ യാത്രക്കാർ കൂടുതൽ പണം നൽകണം. ശൗചാലയ നിരക്കുകൾ കെ.എസ്.ആർ.ടി.സി ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചു. പുതിയ നിരക്ക് അടുത്ത മാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.
യൂറിനലിന് അഞ്ച് രൂപയും ലാട്രിന് 10 രൂപയുമാണ് അടുത്ത മാസം മുതൽ നൽകേണ്ടിവരിക. കുളിക്കുന്നതിന് 10 രൂപയും ക്ലോക്ക് റൂമിന് ഒരു ദിവസത്തേക്ക് 20 രൂപയും നൽകേണ്ടിവരും. നിലവിൽ യൂറിനലിന് 5 രൂപ, ലാട്രിന് 3 രൂപ, കുളിക്കുന്നതിന് 5 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഇതിലാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്.
ശൗചാലയങ്ങൾ കൂടുതൽ ശുചിത്വമുള്ളതാക്കുന്നതിനും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും വേണ്ടിയാണ് നിരക്ക് വർദ്ധിപ്പിക്കുന്നത് എന്നാണ് വിശദീകരണം. ശൗചാലയങ്ങളുടെ നിലവിലുള്ള ലൈസൻസികൾ സത്യവാങ്മൂലം നൽകിയ ശേഷം പുതിയ നിരക്ക് ഈടാക്കി തുടങ്ങാമെന്നാണ് നിർദ്ദേശം. അടുത്തിടെ തദ്ദേശ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ ശൗചാലയങ്ങളിൽ ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കാനായുള്ള ശ്രമം കെഎസ്ആർടിസി നടത്തിയിരുന്നു. ഇത് കാര്യമായ ഫലമുണ്ടാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് നിരക്ക് വർദ്ധന.
Post Your Comments