ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ ജാതീയ വേര്‍തിരിവ് ഉണ്ടായെന്ന ആരോപണത്തിൽ പ്രതികരിച്ച് ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. സംഭവത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിമർശിക്കുകയാണ് അഖിൽ മാരാർ. എന്ത് മാങ്ങ തൊലിയാണ് നേതാക്കൾ കഴിഞ്ഞ 10-75 കൊല്ലമായി ഇവിടെ ഉണ്ടാക്കി കൊണ്ടിരിക്കുന്നതെന്ന് അഖിൽ മാരാർ ചോദിക്കുന്നു. സംവിധായകന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
‘എന്ത് നവോത്ഥാനമാണ് നിങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്? ഇത്രയും വർഷമായിട്ടും കേരളത്തിൽ ഇപ്പോഴും ജാതിവേർതിരിവ് ഉണ്ടെന്ന് പറയുമ്പോൾ പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ എന്താണ് ഉണ്ടാക്കി കൊണ്ടിരുന്നത്? ജനങ്ങളെ തമ്മിലടിപ്പിക്കുന്നതായിരുന്നോ നിങ്ങളുടെ പണി? ഒരു രാഷ്ട്രീയ പാർട്ടി ഒരു ആശയം ഉണ്ടാകുമല്ലോ? ബി.ജെ.പി അവരുടെ ആശയമാണ് പ്രചരിപ്പിക്കുന്നത്. അതിനെ വർഗീയത എന്ന് പറഞ്ഞാലും നിങ്ങളുടെ ആശയമെന്താണ്? ഇടതുപക്ഷത്തിന്റെ ആശയമെന്താണ്? മനുഷ്യന്റെ ദാരിദ്ര്യം ഇല്ലാതാക്കാം. ഇവിടെ ജാതി ഇല്ലാതാക്കണം. ഇതൊക്കെ ഇല്ലാതാകണമെങ്കിൽ എന്താണ് ചെയ്തത്? എന്താണ് ഇവിടെ നടപ്പിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ് ആശയം? ഇടതുപക്ഷം ഭരിക്കുന്നുണ്ട്, ഇടതുപക്ഷം പ്രതിപക്ഷത്ത് വരുന്നുണ്ട്. എന്താണ് നിങ്ങൾ നടപ്പിലാക്കി വിജയിച്ച ഒരു കമ്മ്യൂണിസ്റ്റ് ആശയം?’, അഖിൽ മാരാർ ചോദിക്കുന്നു.
അതേസമയം, കഴിഞ്ഞ ദിവസമാണ് മന്ത്രി കെ രാധാകൃഷ്ണൻ ഒരു ക്ഷേത്രത്തിൽ നിന്നും തനിക്ക് ജാതീയമായ വേർതിരിവ് അനുഭവിക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തിയത്. കേരളത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഏഴുവർഷമായി സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന് മാത്രം അയിത്തം കൽപ്പിക്കുന്ന ഏത് രീതിയോടും യോജിക്കാൻ കഴിയില്ല. അയിത്തം വേണം അനാചാരം വേണം എന്ന് കരുതുന്നവരുണ്ടാകാം. അങ്ങനെ പറയുന്നവർക്ക് പറയാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ നിഷേധിക്കുന്നില്ല. പക്ഷേ അത് സമ്മതിക്കില്ല എന്ന് പറയാനുള്ള അവകാശം നമുക്കുമുണ്ട് എന്നദ്ദേഹം വ്യക്തമാക്കി.
Post Your Comments