തിരുവനന്തപുരം: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയ കൊച്ചി കോർപ്പറേഷൻ ക്ലർക്ക് വിജിലൻസ് പിടിയിൽ. വൈറ്റില സോണൽ ഓഫീസിലെ സീനിയർ ക്ലർക്ക് സുമിനാണ് അറസ്റ്റിലായത്. 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്.
Read Also : മാത്യു കുഴൽനാടന് എതിരെയുള്ള അന്വേഷണം പിണറായി വിജയന്റെ പകപോക്കൽ: നിയമപരമായി നേരിടുമെന്ന് വി ഡി സതീശൻ
എറണാകുളം സ്വദേശിയുടെ പേരിലുള്ള കടവന്ത്രയിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മിമിക്രി കലാകാരന്മാരുടെ സംഘടനയുടെ പേരിലേക്ക് മാറ്റുന്നതിന് കഴിഞ്ഞ ആഴ്ച വൈറ്റില കോർപ്പറേഷൻ സോണൽ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. സർട്ടിഫിക്കറ്റിനായി ഇന്നലെ പരാതിക്കാരൻ ചെന്നപ്പോൾ സീനിയർ ക്ലർക്കായ സുമിൻ 2,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും, പരാതിക്കാരൻ ഈ വിവരം മധ്യമേഖല പൊലീസ് സൂപ്രണ്ട് ഹിമേന്ദ്ര നാഥ് ഐ.പി.എസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന്, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ ഓഫീസിന് പുറത്തുവച്ച് 2,000 രൂപ സുമിൻ കൈക്കൂലി വാങ്ങവെ കൈയോടെ പിടികൂടുകയാണുണ്ടായത്.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പിയ്ക്കൊപ്പം ഇൻസ്പെക്ടർമാരായ വിമൽ, സി. വിനോദ്, സബ് ഇൻസ്പെക്ടർ സണ്ണി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജയപ്രകാശ്, ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽകുമാർ, ഉമേശ്വരൻ, സിവിൽ പൊലീസ് ഓഫീസർമാരായ വിനേഷ്, പ്രിജേഷ്, സിനുമോൻ, ഷിബു എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Post Your Comments