തിരുവനന്തപുരം: സംസ്ഥാന കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിക്ക് അന്തർദേശീയ ഗുണനിലവാര അംഗീകാര സംവിധാനമായ ഐഎൽഎസി (ILAC) യുടെ ഇന്ത്യൻ ഘടകമായ എൻഎബിഎൽന്റെ ISO/IEC(17025:2017) (National Accreditation Board for Testing and Calibration Laboratory) അംഗീകാരം. വിവിധ വിഭാഗങ്ങളിലായി 200-ൽപരം പരിശോധനകൾക്കാണ് അംഗീകാരം ലഭിച്ചത്. തിരുവനന്തപുരം പാറ്റൂരുള്ള പ്രധാന ലബോറട്ടറിയും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാദേശിക ലബോറട്ടറിയും ഉൾപ്പെടുന്നതാണ് സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി.
പോലീസ്, എക്സൈസ് വനം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കുറ്റകൃത്യ അന്വേഷണങ്ങളിൽ ആവശ്യമായ ശാസ്ത്രീയ പരിശോധന നടത്തി സർട്ടിഫിക്കറ്റ് കോടതിക്ക് നൽകുന്ന സ്ഥാപനമാണിത്. നിശ്ചിത ഫീസടച്ച് പൊതുജനങ്ങൾക്കും വിവിധ ശാസ്ത്രീയ പരിശോധനകൾക്ക് ലബോറട്ടറിയെ സമീപിക്കാം.
ടോക്സിക്കോളജി, സീറോളജി, നാർക്കോട്ടിക്സ്, എക്സൈസ്, ജനറൽ കെമിസ്ട്രി എന്നീ വിഭാഗങ്ങളിലായി 82 ശാസ്ത്രീയ പരിശോധകളാണ് ലബോറട്ടറി നടത്തുന്നത്. ആധുനിക ശാസ്ത്രീയ പരിശോധനകൾക്കുള്ള സമഗ്രമായ സംവിധാനങ്ങൾ മൂന്നു ലാബിലും ഒരുക്കിയതാണ് ലബോറട്ടറിയെ അന്തർദേശീയ അംഗീകാരത്തിലേക്ക് എത്തിച്ചത്. 2022-23-ൽ ടോക്സിക്കോളജി ആൻഡ് സീറോളജി – 11,824, നാർക്കോട്ടിക്സ് ആൻഡ് എക്സസൈസ് – 21,797, ജനറൽ കെമിസ്ട്രി – 777 എന്നിങ്ങനെ ആകെ 33,898 തൊണ്ടി സാധനങ്ങൾ ഇവിടെ പരിശോധനയ്ക്കായി ലഭിച്ചിരുന്നു. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ ശാസ്ത്രീയ പരിശോധനകളുടെ പ്രാധാന്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ ലാബോറട്ടറിക്ക് അന്തർദേശീയ അംഗീകാരം ലഭിച്ചത് പ്രവർത്തനോർജം നൽകുന്നതാണെന്നു ചീഫ് കെമിക്കൽ എക്‌സാമിനർ രഞ്ജിത്ത്. എൻ കെ പറഞ്ഞു.
Post Your Comments