ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബേക്കറിയില്‍ ബഹളമുണ്ടാക്കിയ സംഭവം: ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

നെടുമ്പാശേരി: നെടുമ്പാശേരി കരിയാടില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കണ്‍ട്രോള്‍ റൂം എസ്‌ഐ സുനിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സുനിലിനെതിരെ കേസെടുത്ത് വകുപ്പ് തല അന്വേഷണം തുടങ്ങിയതായി റൂറല്‍ എസ്പി വിവേക് കുമാര്‍ അറിയിച്ചു.

കരിയാടുള്ള കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂൾ ബാറിൽ കയറിയാണ് എസ്ഐ അക്രമം നടത്തിയത്. നെടുമ്പാശ്ശേരി കോഴിപ്പാട്ട് വീട്ടിൽ കുഞ്ഞുമോന്റെ കടയാണിത്. ബുധനാഴ്ച കട അടയ്ക്കാനൊരുങ്ങുമ്പോഴാണ് എസ്ഐ സുനിൽ എത്തിയത്. ഡ്രൈവറും വാഹനത്തിലുണ്ടായി. എസ്ഐ കടയിലെത്തി അവിടെയുണ്ടായിരുന്നവരെയെല്ലാം ചൂരൽവടി കൊണ്ട്‌ അടിക്കുകയായിരുന്നു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമം. കുഞ്ഞുമോൻ, ഭാര്യ എൽബി, മകൾ മെറിൻ, സഹായി ബൈജു, വ്യാപാരി ജോണി എന്നിവർക്ക് അടിയേറ്റു.

ഓടിക്കൂടിയ നാട്ടുകാർ എസ്ഐയെ തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് നെടുമ്പാശ്ശേരി പോലീസ് സ്ഥലത്തെത്തി. എസ്ഐ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. എസ്ഐയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പിന്നാലെ സുനിലിനെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് റൂറല്‍ എസ്പി അറിയിച്ചു. മര്‍ദന സമയത്ത് സുനിലിനൊപ്പം വേറെയും പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും.

Share
Leave a Comment