KeralaLatest NewsIndia

ബിജെപി സംസ്ഥാന ഘടകത്തെ കെജെപി എന്ന് പരിഹസിക്കുന്നതിന് പിന്നിൽ കോൺഗ്രസ് തന്ത്രം,അണികൾ ആ പേര് ഉപയോഗിക്കരുത്: പി രഘുനാഥ്‌

കോഴിക്കോട്: ബിജെപി സംസ്ഥാന ഘടകത്തെ കെജെപി എന്ന് പരിഹസിക്കുന്നതിനെതിരെ പരസ്യ പ്രതികരണവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. കെ ജെ പി പ്രയോഗത്തിന് പിന്നിൽ കോൺഗ്രസ് മനസ്സുള്ളവരാണ്. പാർട്ടി അണികൾ ആ പേര് ഉപയോഗിക്കരുതെന്നും സംസ്ഥാന ഉപാധ്യക്ഷൻ പി. രഘുനാഥ് പറഞ്ഞു. പാർട്ടി സംസ്ഥാന ഘടകത്തെ കേരള ജനത പാർട്ടിയെന്ന് ഒരു വിഭാഗം നിരന്തരമായി പരിഹസിക്കുന്നുണ്ട്. ബിജെപിക്കായി ഇവർ പ്രവർത്തിക്കാതെ പ്രവർത്തിക്കുന്നവരെ പരിഹസിക്കുകയാണ് ചെയ്യുന്നത്.

ബിജെപി ദേശീയ നേതൃത്വം മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമ്പോൾ സംസ്ഥാന ഘടകത്തിന്റെ മോശം പ്രകടനമാണ് എന്ന് വരുത്താനാണ് കെജെപി പ്രയോഗത്തിന് പിന്നിൽ. കേരളത്തിലെ നേതാക്കളെ ഒന്നടങ്കം വിമർശിക്കാനും പരിഹസിക്കാനും കെജെപി പ്രയോഗം ഉപയോഗിച്ചിരുന്നു. ഇത് ആദ്യം ഉപയോഗിച്ചിരുന്നത് കോൺഗ്രസ് മനസ്സുള്ള ആളുകളും ആയിരുന്നു. ഇത് പിന്നീട് ബിജെപി വിമർശനത്തിനായി അനുഭാവികളിൽ പലരും ഏറ്റെടുക്കുകയായിരുന്നു.ഇതിനെതിരെയാണ് പാർട്ടി പരസ്യമായി രംഗത്തെത്തുന്നത്.

കെജെപി പ്രയോഗം സംസ്ഥാന ഘടകത്തിന് വലിയ ക്ഷീണമുണ്ടാക്കി. പ്രത്യേകിച്ച് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ശേഷം വിമർശനം ശക്തമായി. പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന അലി അക്ബർ രാമസിംഹനെ പോലുളളവർ സൈബർ ഇടങ്ങളിൽ നേതൃത്വത്തിനെതിരെ കെജെപി എന്ന് നിരന്തരം വിമർശിച്ചു.

ഔദ്യോഗിക വിഭാഗത്തെ നേരിട്ട് ബാധിക്കുന്ന കെജെപി പ്രയോഗം പാർട്ടിയിലെ വിമത പക്ഷം ആയുധമാക്കിയതോടെയാണ് രഘുനാഥിന്റെ പരസ്യ പ്രതികരണം. പാർട്ടി അനുഭാവികൾ ഇത്തരം പ്രയോഗങ്ങൾ നടത്തരുതെന്ന് നിർദേശിക്കും. ഇതിനെതിരെ സൈബർ പ്രചാരണം ആരംഭിയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button