രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ മുന്നേറ്റം തുടരുന്നു. പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിടുന്ന ആകാശ എയറിന് വിദേശ സർവീസുകൾ ആരംഭിക്കാനുള്ള അനുമതി ലഭിച്ചതോടെയാണ് വ്യോമയാന വിപണിയിൽ വീണ്ടും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്നത്. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയമാണ് ആകാശ എയറിന് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനുള്ള അനുമതി നൽകിയത്. ഇതോടെ, മിഡിൽ ഈസ്റ്റ് അടക്കമുള്ള രാജ്യങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് ആകാശ എയറിന്റെ ലക്ഷ്യം. മിഡിൽ ഈസ്റ്റ് നഗരങ്ങൾക്ക് പുറമേ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും സർവീസ് വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
ഈ വർഷം ഡിസംബറോടെയാണ് അന്താരാഷ്ട്ര സർവീസുകൾക്ക് തുടക്കമാവുക. നിലവിൽ, ആകാശ എയറിനെ ഇന്റർനാഷണൽ ഷെഡ്യൂൾഡ് ഓപ്പറേറ്ററായി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ബോയിംഗ് 737 മാക്സ് വിമാനങ്ങൾ ഉപയോഗിച്ചാകും ഇന്ത്യയിൽ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് സർവീസുകൾ നടത്താൻ സാധ്യത. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച്, കൂടുതൽ വിമാനങ്ങൾ വാങ്ങാനുള്ള നീക്കവും ആകാശ എയർ നടത്തുന്നുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്ന് ആകാശ എയർ വ്യക്തമാക്കി. നിലവിൽ, കമ്പനിയിൽ നിന്നും പൈലറ്റുമാർ കൂട്ടത്തോടെ രാജിവെച്ചിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.
Also Read: ‘എന്തൊരു കരുതലാണവർക്ക്’: ഡി.വൈ.എഫ്.ഐയെ വാനോളം പുകഴ്ത്തി ടിനി ടോം
Post Your Comments