പൈലറ്റുമാർക്ക് വേണ്ടി വിമാനക്കമ്പനികൾ പോരടിക്കുന്നത് വിരളമായ സംഭവങ്ങളിൽ ഒന്നാണ്. എന്നാൽ, ഇത്തവണ പൈലറ്റുമാർക്കായി രണ്ട് വിമാനക്കമ്പനികളുടെ മേധാവികളാണ് പരസ്പരം ഫോണിലൂടെയും കത്തെഴുതിയും പോരടിക്കുന്നത്. എയർഇന്ത്യ സിഇഒ കാംപ്ബെൽ വിൽസണും, ആകാശ എയർ സിഇഒ വിനയ് ദുബയുമാണ് തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ആകാശ എയറുമായുള്ള കരാർ പെട്ടെന്ന് അവസാനിപ്പിച്ച്, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലേക്ക് പല പൈലറ്റുമാരും ജോയിൻ ചെയ്തതാണ് വിനയ് ദുബയെ ചൊടിപ്പിച്ചത്.
നോട്ടീസ് നൽകാതെ പെട്ടെന്നുളള രാജി അംഗീകരിക്കാൻ കഴിയില്ലെന്നും, ടാറ്റ ഗ്രൂപ്പ് നിയമം മറികടന്നാണ് പൈലറ്റുമാരെ നിയമിക്കുന്നതെന്നും ആകാശ എയർ ചൂണ്ടിക്കാട്ടി. സാധാരണയായി പൈലറ്റുമാർക്കുളള 6 മാസം മുതൽ ഒരു വർഷം വരെയുള്ള നോട്ടീസ് പിരീഡ് നിലവിൽ നടപ്പിലാക്കാൻ കഴിയുന്നതല്ലെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയാണ് ആകാശ എയർ. ഏകദേശം 450 പേരടങ്ങുന്ന പൈലറ്റുമാരുടെ ടീം സജ്ജമാക്കിയാണ് ആകാശ എയർ പ്രവർത്തനമാരംഭിച്ചത്. എന്നാൽ, കഴിഞ്ഞ വർഷവും ഈ വർഷവും എയർ ഇന്ത്യ നിരവധി കരാറുകളിലൂടെ ബിസിനസ് വിപുലീകരണം ആരംഭിച്ചതോടെയാണ് ആകാശ എയറിലെ പൈലറ്റുമാർ കൂട്ടത്തോടെ എയർ ഇന്ത്യയിൽ എത്തിയത്.
Post Your Comments