Latest NewsKeralaNews

‘പൂജാരിമാർക്കാർക്കും അയിത്തമില്ല, വെറും പാവങ്ങൾ, അവരെ ഉപദ്രവിക്കരുത്’: രാധാകൃഷ്ണനോട് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ക്ഷേത്രത്തിൽ വെച്ച് വിവേചനം നേരിട്ടുവെന്ന് ആരോപിച്ച മന്ത്രി കെ രാധാകൃഷ്ണന് മറുപടിയുമായി കെ.സുരേന്ദ്രൻ. സംഭവത്തിൽ ഒരു തരത്തിലുമുള്ള അപകർഷതാ ബോധവും ഉണ്ടാകേണ്ട കാര്യമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണ് എന്നും, സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ല എന്നും അദ്ദേഹം പറയുന്നു. അവർ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണ് അതിന് കാരണമെന്നാണ് സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, സംഭവത്തിൽ തന്ത്രി സമാജത്തിന്റെ വിശദീകരണം തള്ളി മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തി. താൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നത്. ദേവപൂജ കഴിയുന്നതുവരെ ആരെയും തൊടില്ലെങ്കിൽ എന്തിനാണ് പുറത്തിറങ്ങിയത്. അങ്ങനെയെങ്കിൽ മുഴുവൻ ശുദ്ധികലശം നടത്തണ്ടേ. ക്ഷേത്രത്തിനുള്ളിലായല്ല പുറത്താണ് പരിപാടി നടന്നതെന്നും മന്ത്രി പറഞ്ഞു. എന്നാൽ, മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നായിരുന്നു അഖില കേരള തന്ത്രി സമാജത്തിന്റെ വിശദീകരണം. സംഭവത്തിൽ അന്നു തന്നെ മന്ത്രി അക്കാര്യത്തിൽ അതൃപ്തി അറിയിക്കുകയും അത് അവിടെ അവസാനിക്കുകയും ചെയ്തിരുന്നുവെന്നും, അതേവിഷയം എട്ട് മാസങ്ങൾക്കിപ്പുറത്ത് കേരളമാകെ ചർച്ചയാകുന്ന വിധത്തിൽ വിവാദമാക്കുന്നതിന് പിന്നിൽ ദുഷ്ടലാക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സമാജം ആരോപിച്ചു.

കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ട രാധാകൃഷ്ണൻ ജി അങ്ങേക്ക് ഒരു തരത്തിലുള്ള അപകർഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ല. ഭാരതത്തിൽ ബ്രാഹ്മണർ ജനസംഖ്യയിൽ ഒരു മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണ്. സവർണ്ണരെന്ന് വിളിക്കുന്നവർ അവർണ്ണരെ അപേക്ഷിച്ച് എണ്ണത്തിൽ വളരെ വളരെ കുറവാണ് നമ്മുടെ രാജ്യത്ത്. ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ല. അതിനു കാരണം അവർ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണ്. ഒരു തരിമ്പുപോലും ഇഷ്ടദേവനെ മലിനമാക്കരുതെന്ന സ്വയം ബോധം. സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മചൈതന്യം ഒന്നുതന്നെയാണെന്ന ഉപനിഷദ് വാക്യമൊന്നും സാധാരണ ഭക്തർക്കു മനസ്സിലാവില്ലെന്നറിഞ്ഞുതന്നെയാണ് അമ്പലത്തിലെ പൂജാരിമാർ ഇതെല്ലാം ആചരിക്കുന്നത്. അവർക്കാർക്കും അയിത്തമില്ല. വെറും പാവങ്ങൾ. അവരെ ഉപദ്രവിക്കരുത്. ഈശ്വരന് അയിത്തമില്ലെന്ന് ഭക്തന്മാർക്കെല്ലാവർക്കും ബുദ്ധി ഉദിക്കുന്ന കാലം വരെ കാത്തിരിക്കുകയല്ലാതെ നിർവ്വാഹമില്ലെന്ന് അങ്ങും മനസ്സിലാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button