ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള തലത്തിൽ പലിശപ്പേടി ശക്തമായതോടെയാണ് ഇന്ത്യൻ ഓഹരി സൂചികകളും നഷ്ടത്തിലേക്ക് വഴുതി വീണത്. തുടർച്ചയായ 11 ദിവസം നീണ്ട നേട്ടത്തിനാണ് ഇന്ന് വിരാമമായത്. അമേരിക്കയുടെ ഫെഡറൽ റിസർവ് അടക്കം 5 പ്രമുഖ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ വൈകാതെ പണനയം പ്രഖ്യാപിക്കുന്നതാണ്. ആഗോള തലത്തിൽ പണപ്പെരുപ്പം പിടിച്ചുനിർത്താൻ പലിശഭാരം വീണ്ടും കൂട്ടിയേക്കുമെന്ന വിലയിരുത്തലുകളാണ് ഇന്ന് ഓഹരികളെ പ്രധാനമായും തളർത്തിയ ഘടകം. ബിഎസ്ഇ സെൻസെക്സ് 241.79 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 67,596.84-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 59.05 പോയിന്റ് നഷ്ടത്തിൽ 20,133.30-ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ വൻകിട ഓഹരികളിലെ വിൽപ്പന സമ്മർദ്ദമാണ് സെൻസെക്സിനെ തളർത്തിയ പ്രധാന ഘടകം. ഭാരതി എയർടെൽ, അൾട്രാ ടെക് സിമന്റ്, വിപ്രോ തുടങ്ങിയ ഓഹരികളുടെ വീഴ്ചയും തിരിച്ചടിയായി. വോഡഫോൺ ഐഡിയ, സിൻജീൻ ഇന്റർനാഷണൽ, ഐആർഎഫ്സി, നൈക, പൂനാവാല ഫിൻകോർപ് തുടങ്ങിയവയുടെ ഓഹരികളും നഷ്ടം രേഖപ്പെടുത്തി. അതേസമയം, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രൽ ബാങ്ക്, പവർഗ്രിഡ്, ടൈറ്റൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ബജാജ് ഫിൻസർവ് തുടങ്ങിയവയാണ് നേട്ടത്തിലേറിയത്.
Also Read: നിപ വ്യാപനം: ജില്ലകളിൽ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി
Post Your Comments