തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര സംഘം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് നിപ പ്രതിരോധം ഊർജിതമായി നടക്കുകയാണ്. രാവിലെ കോർ കമ്മിറ്റി യോഗം ചേർന്ന് നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുള്ള 61 സാംപിളുകളുടെ ഫലം നെഗറ്റീവ് ആണ്. അതിൽ ഏറ്റവും ഒടുവിൽ നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയുടെ ഫലവും നെഗറ്റീവാണ്. പതിനൊന്നാം തീയതി മരിച്ച വ്യക്തിയുടെ വളരെ അടുത്ത സമ്പർക്ക പട്ടികയിലുള്ള വ്യക്തിയും നെഗറ്റീവാണ്. ഇത് ഈ സമയത്ത് നല്ല ആശ്വാസമാണ് നൽകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Read Also: ഇന്ത്യൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ആഡംബര ബ്രാൻഡുകൾ എത്തുന്നു, ജിയോ വേൾഡ് പ്ലാസ ഉടൻ തുറന്നേക്കും
കോഴിക്കോട്, തൃശൂർ, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം ചേർന്നു. ഓരോ ജില്ലയിലേയും ഐസൊലേഷൻ, ചികിത്സാ സംവിധാനങ്ങൾ എന്നിവ യോഗം വിലയിരുത്തി. കോഴിക്കോടിന് പുറമേ മറ്റ് ജില്ലകളും ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്. 45 പേർ മറ്റുജില്ലകളിലായി ക്വാറന്റെയ്നിൽ കഴിയുന്നു. ജില്ലകളിൽ ഫീവർ സർവെയലൻസ്, എക്സപേർട്ട് കമ്മിറ്റി മീറ്റിഗ് എന്നിവ നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാന തലത്തിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. സ്റ്റേറ്റ് ആർആർടി കൂടി വേണ്ട മാർഗനിർദേശങ്ങൾ നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ സംസ്ഥാനതല കൺട്രോൾ റൂം പ്രവർത്തിച്ചു വരുന്നു. എല്ലാ ജില്ലകളിലും സർവയലെൻസിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു. എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലൻസ്, ഐസൊലേഷൻ വാർഡുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇ സഞ്ജീവനി ടെലിമെഡിസിൻ സേവനം ശക്തമാക്കി. മാനസിക പിന്തുണയ്ക്കായി ടെലിമനസിന്റെ ഭാഗമായി സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം രൂപീകരിച്ചു. നിപ രോഗവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ജില്ലാ സർവെയലൻസ് ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, നഴ്സിംഗ് ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, നഴ്സിങ് അസിസ്റ്റന്റ്മാർ തുടങ്ങി 6000ഓളം ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
Post Your Comments