പൂനെ: ഇടതുപക്ഷത്തിനെതിരെ ശക്തമായ വിമർശനവുമായി ആർഎസ്എസ്മേധാവി മോഹൻ ഭഗവത്. കിൻഡർ ഗാർഡൻ വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് അറിവുണ്ടോ എന്ന് കണ്ടെത്താനുള്ള വിദ്യാഭ്യാസ രീതിയെ ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷം ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ എതിരാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞാൻ ഗുജറാത്തിലെ ഒരു സ്‌കൂൾ സന്ദർശിക്കുകയുണ്ടായി, അവിടെ ഒരു കിൻഡർ ഗാർഡൻ സ്‌കൂളിൽ ലഭിച്ച നിർദ്ദേശം ഒരാൾ കാണിച്ചുതന്നു. കെജി 2ലെ വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളുടെ പേരുകൾ അറിയാമോ എന്ന് കണ്ടെത്താൻ ക്ലാസിലെ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അതിൽ പറയുന്നു. ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ ആക്രമണം ഇത്രത്തോളം എത്തിയിരിക്കുന്നു, ജനങ്ങളുടെ സഹായമില്ലാതെ ഇതൊരിക്കലും സാധ്യമല്ല. നമ്മുടെ സംസ്‌കാരത്തിലെ എല്ലാ ശുഭകാര്യങ്ങൾക്കും നേരെ ഇത്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്,’ മോഹൻ ഭാഗവത് ആരോപിച്ചു.
ഇടതുപക്ഷ അനുഭാവികൾ അഹങ്കാരികളാണെന്നും അവരുടെ ദുഷ്പ്രവണതയിൽ അവർ അമിതമായി അഹങ്കരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ അവർക്ക് ജനങ്ങളുടെ പിന്തുണയില്ല, കുറച്ച് സാമ്പത്തിക ശക്തി ഉണ്ടായിരിക്കാം, പക്ഷേ അവരുടെ ആവാസവ്യവസ്ഥ വളരുകയാണ്. ലോകത്തിലെ നല്ല കാര്യങ്ങൾ നശിപ്പിക്കാൻ ഇടതുപക്ഷ അനുഭാവികൾ ‘സാംസ്‌കാരിക മാർക്‌സിസം’ ആരംഭിച്ചിട്ടുണ്ടെന്നും, ഈ പ്രതിസന്ധിയിൽ നിന്ന് ലോകത്തെ മോചിപ്പിക്കാനുള്ള ബാധ്യത ഭാരതത്തിനായിരിക്കുമെന്നും മോഹൻ ഭഗവത് പറഞ്ഞു.
‘ഇടതുപക്ഷം അമേരിക്കൻ സംസ്‌കാരത്തെ മലിനമാക്കാൻ ആഗ്രഹിച്ചു. അതിൽ അവർ വിജയിച്ചു. അവർ ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ എതിരാളികളാണ്. ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കണം. തങ്ങൾ ശക്തരാണെന്നും ദൈവങ്ങളാണെന്നും അവർ കരുതുന്നു. അവർ സ്വയം ശാസ്ത്രജ്ഞർ എന്ന് വിളിക്കുന്നു, പക്ഷേ അവർ അങ്ങനെയല്ല,’ മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.
Post Your Comments