നാഗ്പൂർ: ഇന്നത്തെ യുവതലമുറ പ്രായമാകുന്നതിന് മുമ്പ് അഖണ്ഡ ഭാരതം അഥവാ അവിഭക്ത ഇന്ത്യ യാഥാർത്ഥ്യമാകുമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) തലവൻ മോഹൻ ഭാഗവത്. അഖണ്ഡ ഭാരതം എപ്പോൾ നിലവിൽ വരുമെന്ന് കൃത്യമായി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ ഒരു പരിപാടിയിൽ ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അഖണ്ഡ ഭാരതം എപ്പോൾ നിലവിൽ വരുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. എന്നാൽ നിങ്ങൾ പ്രായമാകുന്നതിന് മുമ്പ് അത് യാഥാർഥ്യമാകും. അത് നിങ്ങൾക്ക് കാണാനാകും. കാരണം ഇന്ത്യയിൽ നിന്ന് വേർപെടുത്തിയവർക്ക് തങ്ങൾ തെറ്റ് ചെയ്തുവെന്ന് തോന്നുന്ന അവസ്ഥയായി മാറുകയാണ്. ‘നമ്മൾ വീണ്ടും ഇന്ത്യയാകണമായിരുന്നു എന്ന് അവർക്ക് തോന്നുന്നു. ഇന്ത്യയാകാൻ ഭൂപടത്തിലെ വരകൾ മായ്‌ക്കണമെന്ന് അവർ കരുതുന്നു, പക്ഷേ അത് അങ്ങനെയല്ല, ഇന്ത്യയുടെ സ്വഭാവം അംഗീകരിക്കുകയാണ് ചെയ്യേണ്ടത്’, ആർ.എസ്.എസ് തലവൻ പറഞ്ഞു.
1950 മുതൽ 2002 വരെ മഹൽ ഏരിയയിലെ ആസ്ഥാനത്ത് ആർഎസ്എസ് ദേശീയ പതാക ഉയർത്തിയിട്ടില്ലെന്ന അവകാശവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ‘എല്ലാ വർഷവും ഓഗസ്റ്റ് 15 നും ജനുവരി 26 നും ഞങ്ങൾ എവിടെയായിരുന്നാലും ദേശീയ പതാക ഉയർത്താറുണ്ട്’ എന്നാണ് അദ്ദേഹം നൽകിയ മറുപടി. മഹല്ലിലെയും നാഗ്പൂരിലെ രേഷിംബാഗിലെയും ഞങ്ങളുടെ രണ്ട് കാമ്പസുകളിലും പതാക ഉയർത്തൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments