തിരുവനന്തപുരം: പരമ്പരാഗത കരകൗശല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് പിന്തുണ നൽകുന്നതിൽ പിഎം വിശ്വകർമ്മ പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. തിരുവനന്തപുരത്ത് നടന്ന ‘പിഎം വിശ്വകർമ്മ’ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിൽ വിശ്വകർമ്മജർ തങ്ങളുടെ കരകൗശല വിദ്യകളിലൂടെ തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് എസ് ജയശങ്കർ പറഞ്ഞു.
പരമ്പരാഗത കരകൗശലത്തൊഴിലാളികൾക്ക് വിപണിയിൽ പോകാനും അവരുടെ ഉത്പന്നങ്ങളെ വ്യാപിപ്പിക്കാനും വിശ്വകർമ്മ പദ്ധതി സഹായിക്കും. ജനങ്ങളുടെ മനസ് മനസിലാക്കാനും കരകൗശല ഉത്പന്നങ്ങൾ നിർമ്മിക്കാനുമുള്ള പരമ്പരാഗത കരകൗശല വിദഗ്ധരുടെ കഠിനാധ്വാനം, അർപ്പണബോധം, കഴിവ് എന്നിവയെ മന്ത്രി പ്രശംസിച്ചു.
പിഎം വിശ്വകർമ്മ പദ്ധതി വിശ്വകർമജർക്ക് ധനസഹായം നൽകുക മാത്രമല്ല പരിശീലനം, വിപണി സാദ്ധ്യതകൾ തുടങ്ങിയവയും പ്രദാനം ചെയ്യും. ‘വോക്കൽ ഫോർ ലോക്കൽ’, ‘ഒരു ജില്ല ഒരു ഉത്പന്നം,’ ‘മേക്ക് ഇൻ ഇന്ത്യ’ തുടങ്ങിയവ പിഎം വിശ്വകർമ്മ പദ്ധതിയുടെ പ്രധാന ഘടകങ്ങളാണ്. ജി 20 യുടെ ഭാഗമായി നടന്ന കരകൗശല പ്രദർശനത്തിൽ ഇന്ത്യയുടെ പുരാതന സംസ്കാരം ലോക നേതാക്കൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ഇത് രാജ്യത്തെ ടൂറിസം മേഖലക്ക് ഗുണം ചെയ്യുമെന്നും എസ് ജയശങ്കർ വ്യക്തമാക്കി.
Post Your Comments