Latest NewsNewsIndia

73-ാം പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച പ്രധാനമന്ത്രിക്ക് ഈ ദിവസവും സാധാരണപോലെ

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാള്‍. പ്രിയ നേതാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ബിജെപി നേതൃത്വവും അണികളും സംഘടിപ്പിച്ചിരിക്കുന്നത്. ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ദ്വാരകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ‘യശോഭൂമി’ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സ്പോ സെന്റര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം യശോഭൂമി ദ്വാരക സെക്ടര്‍ 25ലെ മെട്രോ സ്റ്റേഷന്‍ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.

Read Also: ധനകാര്യ സ്ഥാപനങ്ങൾക്കെതിരെയുളള പരാതികൾ ഇനി എളുപ്പത്തിൽ നൽകാം, ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീമുമായി ആർബിഐ

ഗുജറാത്തിലെ വട്‌നഗര്‍ എന്ന ചെറു പട്ടണത്തില്‍ 1950 സെപ്റ്റംബര്‍ 17 നായിരുന്നു നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ജനനം. ജീവിതത്തിന്റെ ആദ്യ ഘട്ടം യാതനകള്‍ നിറഞ്ഞതായിരുന്നു. പക്ഷെ അതില്‍ നിന്ന് അദ്ദേഹം കഠിനാധ്വാനത്തിന്റെ മഹത്വം പഠിച്ചു. ഒപ്പം സാധാരണക്കാരുടെ പ്രയാസങ്ങള്‍ മനസിലാക്കാനും അദ്ദേഹത്തിനു സാധിച്ചു. ഈ അനുഭവങ്ങളാണ് സാധാരണക്കാരെയും രാഷ്ട്രത്തെയും സേവിക്കാന്‍ സ്വയം സമര്‍പ്പിക്കാന്‍ ചെറുപ്പത്തിലെ അദ്ദേഹത്തിന് പ്രചോദനമായത്. രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നരേന്ദ്ര മോദിയെ കൊണ്ടെത്തിച്ചത് രാഷ്ട്രീയ സ്വയംസേവക സംഘത്തിലേക്കായിരുന്നു. പിന്നീട് ഭാരതീയ ജനത പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം വ്യാപൃതനായി.

ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ജനിച്ച പ്രഥമ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി 2014 മുതല്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും പ്രധാനമന്ത്രി പദത്തിലുണ്ട്. 2014 ലെയും 2019 ലെയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ നരേന്ദ്ര മോദി ഭാരതീയ ജനതാ പാര്‍ട്ടിയെ നയിക്കുകയും, രണ്ടു തവണയും കേവല ഭൂരിപക്ഷം നേടി പാര്‍ട്ടിയെ റെക്കോഡ് വിജയത്തില്‍ എത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതിനു മുമ്പ് ഒരു പാര്‍ട്ടി ഇതുപോലെ കേവല ഭൂരിപക്ഷം നേടിയത് 1984 ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. 2001 ഒക്ടോബര്‍ മുതല്‍ 2014 മെയ് വരെ ഏറ്റവും കൂടുതല്‍ കാലം, ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു എന്ന ബഹുമതിയും മോദിക്കു സ്വന്തമാണ്.

ഓണ്‍ലൈനിലൂടെ ജനങ്ങളുമായി വ്യക്തിബന്ധം സ്ഥാപിക്കാനും നരേന്ദ്ര മോദിക്കായിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ, ജനങ്ങളില്‍ എത്താനും, അവരെ ഉത്തേജിപ്പിക്കാനും, അവരുടെ ജീവിതങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനും മോദിക്കായി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രം, ലിങ്ടിന്‍, വെയ്ബൊ, സൈനണ്ട് ക്ലൗഡ് ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button