നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് കണക്കുകൾ പുറത്തുവിട്ട് മിൽമ. 2023-24 സാമ്പത്തിക വർഷത്തിൽ 680.50 കോടി രൂപയുടെ വിറ്റുവരവും, 679.28 കോടി രൂപയുടെ ചെലവുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട ബജറ്റ് മിൽമ വാർഷിക ജനറൽ ബോഡി യോഗത്തിൽ പാസാക്കിയിട്ടുണ്ട്. മിൽമ ഭവനിൽ ചേർന്ന യോഗത്തിൽ സംസ്ഥാനത്തെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ പ്രമേയങ്ങളും അംഗീകരിച്ചു. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ 1.22 കോടി രൂപയുടെ ലാഭവും മിൽമ പ്രതീക്ഷിക്കുന്നുണ്ട്.
വെല്ലുവിളികളെ അതിജീവിച്ച് കൂടുതൽ വളർച്ച കൈവരിക്കാൻ മിൽമയുടെ മിച്ച ബജറ്റ് സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, യുവതലമുറയെ ക്ഷീര മേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികൾക്ക് മിൽമ ഉടൻ തുടക്കമിടുന്നതാണ്. പാൽ സംഭരണത്തിൽ കുറവ് നേരിടുന്ന സാഹചര്യത്തിൽ, കൃത്യമായ നടപടികളിലൂടെ അവ പരിഹരിക്കാനും തീരുമാനമായിട്ടുണ്ട്.
Also Read: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൈക്കൂലി പണവുമായി പിടിയില്‍, പിടിച്ചെടുത്തത് 39,200 രൂപ
മിൽമയുടെ പട്ടണക്കാട്, മലമ്പുഴ എന്നിവിടങ്ങളിലെ കാലിത്തീറ്റ ഫാക്ടറികൾ, ആലപ്പുഴയിലെ സെൻട്രൽ പ്രോഡക്റ്റ് ഡയറി, ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ ചെലവുകൾക്ക് പുറമേ, കർഷകർക്ക് ആദായകരമായതും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നതുമായ സംരംഭങ്ങളും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ക്ഷീരമേഖലയിലെ പ്രശ്നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ പരിഹരിക്കാനും യോഗത്തിൽ തീരുമാനമായി.
Post Your Comments