കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഒമാൻ ഏയറിന്റെ മസ്കറ്റ് – കോഴിക്കോട് വിമാനം, എയർ അറേബ്യയുടെ അബൂദാബി – കോഴിക്കോട് വിമാനം, എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ – കോഴിക്കോട്, ഷാർജ – കോഴിക്കോട് സർവീസുകളാണ് വഴിതിരിച്ചുവിട്ടത്. കരിപ്പൂരിൽ മഴ ശക്തമായതോടെ ഇവ കൊച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
മോശം കാലാവസ്ഥയെ തുടർന്ന് മറ്റുചില വിമാനങ്ങൾ കോയമ്പത്തൂരിലേക്ക് വഴി തിരിച്ചുവിട്ടതായും റിപ്പോർട്ടുകളുണ്ട്. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ കരിപ്പൂരിൽ ഇറക്കുമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് 11 ജില്ലകളിൽ വെള്ളിയാഴ്ച യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
Post Your Comments