പാലക്കാട്: സോളാർ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ. കെ.ബി ഗണേഷ് കുമാറിനെയും, തിരുവഞ്ചൂർ രാധാകൃഷ്ണനേയും അധിക്ഷേപിച്ചാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. സമ്പത്തിനോടും സ്ത്രീകളോടും ആസക്തിയുള്ള പകൽ മാന്യനാണ് ഗണേഷ് കുമാർ എന്നാണ് വെള്ളാപ്പള്ളി ആരോപിക്കുന്നത്. ഗണേഷിനെപ്പോലെ ഒരാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ ജനാധിപത്യത്തിന്റെ അപചയമായിരിക്കും സംഭവിക്കുക എന്നും, മാന്യനായിരുന്ന കലഞ്ഞൂര്‍ മധുവിനെ ചവിട്ടിക്കളഞ്ഞിട്ട് ഗണേഷ് എന്‍എസ്എസില്‍ കയറി ഇരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
ഗണേഷ് കുമാര്‍ വൃത്തികെട്ടവനും അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്നവനുമാണെന്നും ആരോപിച്ച വെള്ളാപ്പള്ളി, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഫെനി ബാലകൃഷ്ണനെയും വിമർശിച്ചു. സോളറിലെ ഗൂഢാലോചന അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങുമെന്നും അധികാരത്തിന് വേണ്ടി തിരുവഞ്ചൂര്‍ കാണിച്ചത് തറവേലയാണെന്നും പുറത്ത് കാണുന്ന കറുപ്പ് തന്നെയാണ് ഉള്ളിലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഫെനി ബാലകൃഷ്ണന് ഭൂലോക തട്ടിപ്പുകാരന് ആണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു എന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കളളം ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സോളാര്‍ കേസ് അടഞ്ഞ അധ്യായമാണ്. ഗണേഷ് കുമാറിന് സ്വഭാവ ശുദ്ധിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സോളാര്‍ കേസില്‍ താന്‍ ഇടപെട്ടിട്ടേയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കത്തില്‍ ഒരു കൂട്ടം പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വെള്ളാപ്പള്ളി തന്നോട് ആവശ്യപ്പെട്ടു എന്നായിരുന്നു ഇന്നലെ ഫെനി ബാലകൃഷ്ണന് പറഞ്ഞത്.
Post Your Comments