തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സിബിഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി തീരുമാനിക്കുന്ന അന്വേഷണമാണ് വേണ്ടെന്ന് പറഞ്ഞത്. യുഡിഎഫ് കൺവീനർ പറഞ്ഞപ്പോൾ ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി. സിബിഐ റിപ്പോർട്ടിൽ ഒരു യുഡിഎഫ് നേതാവിനെക്കുറിച്ച് പോലും പരാമർശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ പുറത്ത് വന്നിരിക്കുന്നത് സിബിഐയുടെ കണ്ടെത്തലാണ്. അതിൽ ഒരു ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇത് അന്വേഷിക്കേണ്ടത് സിബിഐ തന്നെയാണെന്നും ഈ റിപ്പോർട്ടിൽ അന്വേഷണം നടത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
അന്വേഷണത്തെ ഭയക്കേണ്ട കാര്യം യുഡിഎഫിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്ലാൾ നന്ദകുമാർ ഇപ്പോൾ സിപിഎമ്മിന്റെ ആളാണ്. സിബിഐ റിപ്പോർട്ടിൽ പറയുന്നത് മുഖ്യമന്ത്രിയും മറ്റ് സിപിഎം നേതാക്കളും ഇടപ്പെട്ടിട്ടുണ്ടെന്നാണ്. അതിൽ വിഎസിന്റെ പേരില്ല. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഇന്നലെ വിഎസിന്റെ പേര് കയറ്റിയതെന്നും സതീശൻ പറഞ്ഞു. നേരത്തെ കേസിലെ ഗൂഢാലോചനയിൽ അന്വേഷണം വേണ്ടെന്ന് ചില യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി വിഡി സതീശൻ തന്നെ രംഗത്തെത്തിയത്.
Post Your Comments