Latest NewsIndiaNews

വിവാഹേതരബന്ധം: വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ തള്ളി, ലെഫ്. കേണല്‍ അറസ്റ്റിൽ

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ തള്ളിയ സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ദെഹ്റാദൂണിൽ ലെഫ്. കേണലായ രാമേന്ദു ഉപാധ്യായിയാണ് അറസ്റ്റിലായത്. നേപ്പാൾ സ്വദേശിനിയായ ശ്രേയ ശർമ (30)യാണ് കൊല്ലപ്പെട്ടത്.

ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. യുവതി വിവാഹം കഴിക്കാൻ നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ചയാണ് സിർവാൽഘട്ട് മേഖലയിൽ യുവതിയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. യുവതി നേരത്തെ ബംഗാളിലായിരുന്നു താമസിച്ചിരുന്നതെന്നും കണ്ടെത്തി. ഈവിവരങ്ങളെല്ലാം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വിവാഹിതനായ സൈനിക ഉദ്യോഗസ്ഥനും ശ്രേയ ശർമയും തമ്മിൽ അടുപ്പത്തിലായിരുന്നു. നേരത്തെ ബംഗാളിലായിരുന്ന രാമേന്ദു സിലിഗുഡിയിലെ ഒരു ഡാൻസ് ബാറിൽവെച്ചാണ് നേപ്പാൾ സ്വദേശിനിയെ കണ്ടുമുട്ടുന്നത്. ഈ പരിചയം അടുപ്പമായി വളർന്നു. പിന്നീട് ബംഗാളിൽനിന്ന് ദെഹ്റാദൂണിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ യുവതിയെയും ഉദ്യോഗസ്ഥൻ കൂടെകൊണ്ടുവന്നു. വിവാഹേതരബന്ധം രഹസ്യമായി സൂക്ഷിച്ച ഉദ്യോഗസ്ഥൻ, യുവതിയെ ദെഹ്റാദൂണിൽ മറ്റൊരു ഫ്ളാറ്റെടുത്താണ് താമസിപ്പിച്ചിരുന്നത്. അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെടുകയും ഇക്കാര്യത്തിൽ നിർബന്ധം പിടിക്കുകയും ചെയ്തതോടെയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.

ശനിയാഴ്ച രാത്രി രാജ്പുർ റോഡിലെ ഒരു ക്ലബിൽ വെച്ച് പ്രതിയും യുവതിയും മദ്യപിച്ചിരുന്നു. ക്ലബിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കാറിൽ യാത്രപോകാമെന്ന് പ്രതി യുവതിയോട് പറഞ്ഞു. നഗരത്തിന് പുറത്തേക്കാണ് യുവതിയുമായി ഉദ്യോഗസ്ഥൻ കാറിൽ പോയത്. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയതോടെ പ്രതി വാഹനം നിർത്തുകയും നേരത്തെ വാഹനത്തിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് യുവതിയുടെ തലയ്ക്കടിക്കുകയുമായിരുന്നു. യുവതി മരിച്ചെന്ന് ഉറപ്പിക്കുന്നത് വരെ ചുറ്റികകൊണ്ട് പലതവണ തലയ്ക്കടിച്ചെന്നാണ് പ്രതിയുടെ മൊഴി. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button