
തിരുവനന്തപുരം: പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വാഹനം ഇടിച്ചുകൊന്ന കേസിലെ പ്രതിയെ തമിഴ്‌നാട്ടില്‍നിന്നും പിടികൂടി. കേരള- തമിഴ്‌നാട് അതിര്‍ത്തിയായ നാഗര്‍കോവിലില്‍ നിന്നാണ് പ്രിയരഞ്ജന്‍ പിടിയിലായത്.
ഓഗസ്റ്റ് 30-ന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു മുന്നിൽ വച്ചുണ്ടായ കാർ അപകടത്തിൽ പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും ഷീബയുടെയും മകന്‍ ആദി ശേഖര്‍(15) മരിച്ചിരുന്നു. ക്ഷേത്രത്തിനു മുന്നില്‍ സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. എന്നാല്‍, അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ദുരൂഹതയും സംശയവും ഉയര്‍ന്നത്.
ആദിശേഖറും സുഹൃത്തും സൈക്കിള്‍ ചവിട്ടി പോകാന്‍ തുടങ്ങിയതിന് പിന്നാലെയാണ് അതുവരെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുത്തു കുട്ടിയെ ഇടിച്ചിട്ട് അതിവേഗത്തില്‍ കുതിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിയായ പ്രിയരഞ്ജന്‍ ആദിശേഖറിന്റെ അകന്നബന്ധു കൂടിയാണ്. നേരത്തെ പ്രിയരഞ്ജനും ആദിശേഖറും തമ്മില്‍ വഴക്കുണ്ടായിരുന്നതായാണ് വിവരം.
Post Your Comments