Latest NewsKeralaNews

‘ഗണേഷ് കുമാർ 6 മാസം തടവിൽ പാർപ്പിച്ചു, പിന്നാമ്പുറ കഥകൾ പറയിപ്പിക്കരുത്’: സോളാർ കേസിലെ പരാതിക്കാരി

കൊച്ചി: മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സോളാർ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി. ഗണേഷ് കുമാർ ആറ് മാസം തന്നെ തടവിൽ പാർപ്പിച്ചതായി പരാതിക്കാരി ആരോപിച്ചു. പിന്നാമ്പുറ കഥകൾ പുറത്ത് പറഞ്ഞാൽ അവർ തന്നെയാണ് മോശമാകുകയെന്നും പരാതിക്കാരി പ്രുയുന്നു. റിപ്പോർട്ടർ ടി.വിയോടായിരുന്നു പരാതിക്കാരിയുടെ തുറന്നു പറച്ചിൽ. ഗണേഷ് കുമാറിന്റെ പിതാവ് ബാലകൃഷ്ണപിള്ള ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ മൊഴിമാറ്റാൻ സമ്മർദ്ദം ചെലുത്തി എന്നും പരാതിക്കാരി ആരോപിച്ചു.

‘പ്രതികരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കെട്ടുകഥയാണോയെന്നതിന് കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തരം പറയയേണ്ടത്. സോളാര്‍ കേസില്‍ രാഷ്ട്രീയം കലര്‍ത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. 2013-ല്‍ ജയിലില്‍ പോകുമ്പോള്‍ ഞാന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നില്ല. ആ സമയത്തും രാഷ്ട്രീയകാര്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഞാനല്ല പത്രത്തില്‍ കൊടുത്തത്. ജയിലില്‍ കിടക്കുമ്പോള്‍ വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ലല്ലോ.

2013-ലാണ് സോളാര്‍ കേസ് വരുന്നത്. ജൂലൈ 20-ന് ഞാന്‍ ഹറാസ്‌മെന്‍സിനെ പറ്റി പരാതി നല്‍കി. അന്നൊക്കെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ സ്വാധീനം എവിടെയാണ്? അന്ന് ജയിലില്‍ എത്തി എന്റെ വായ് മൂടികെട്ടി, എന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയും എന്റെ കുഞ്ഞുങ്ങളെവെച്ച് ബ്ലാക്ക് മെയില്‍ ചെയ്തും എന്റെ മൊഴി മാറ്റിച്ചത് യുഡിഎഫ് തന്നെയല്ലേ? മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ എന്റെ അമ്മയുടെ അടുത്ത് നേരിട്ട് സംസാരിച്ചതുകൊണ്ടല്ലേ ജയിലിനുള്ളില്‍ വെച്ച് മൊഴി തിരുത്തേണ്ടി വന്നത്. 2015-ല്‍ എന്റെ വീഡിയോകള്‍ നാട് മുഴുവന്‍ കോണ്‍ഗ്രസ് പ്രചരിപ്പിച്ചു.

ഞാൻ ഒരിക്കലും ആരുടേയും സമ്മർദ്ദം മൂലമല്ല പരാതികൾ ഉന്നയിച്ചത്. പലപ്പോഴും എന്റെ കുടുംബത്തിന് മേലുണ്ടായ സമ്മർദ്ദം മൂലമാണ് ആ പരാതികൾ ഒതുക്കി വെച്ചത്. ആ സമ്മർദ്ദം എനിക്കുണ്ടാക്കിയത് യുഡിഎഫുകാരാണ്. ബെന്നി ബെഹനാൻ, തമ്പാനൂർ രവി മുതലായവരുടെ ശബ്ദ രേഖകൾ 2016-ൽ പുറത്തുവന്നതാണ്.

പഴയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉമ്മൻ ചാണ്ടി എന്ന നമ്മുടെ മുൻമുഖ്യമന്ത്രിയെ വേട്ടയാടിയത് കോൺഗ്രസുകാർ തന്നെയാണ് എന്ന് മനസിലാകും. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഇത് പുറത്തുകൊണ്ടുവരുകയും, അതിലൂടെ ആഭ്യന്തരം ഉൾപ്പടെയുള്ള സ്ഥാനമാനങ്ങൾ കിട്ടി കഴിഞ്ഞപ്പോൾ അവർ അത് ഒതുക്കാൻ ശ്രമിക്കുകയും ചെയ്തു. അതിന് വേണ്ടി ജയിലിൽ ഉണ്ടായിരുന്ന എനിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയും കുടുംബത്തെ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്യുകയുമുണ്ടായി. അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്ന ബാലകൃഷ്ണപിള്ള ഉൾപ്പടെയുള്ളവർ സമ്മർദ്ദം ചെലുത്തി.

ഞാൻ ഒരിക്കലും അവസരവാദിയല്ല. ഗണേഷ് കുമാറിനെ പോലെ അവസരത്തിന് അനുസരിച്ച് മാറി കളിക്കാനറിയില്ല. ഞാൻ ഒരു അഭിനേതാവല്ല. അങ്ങനെ അഭിനയിക്കുന്നവർക്ക് ഇതെല്ലാം ചെയ്യാൻ സാധിക്കുമായിരിക്കും. ഞാൻ അഭിനയിക്കാൻ താൽപര്യപ്പെടുന്നില്ല. 2014 ഫെബ്രുവരി 21-ന് ശേഷം എന്നെ ജയിലില്‍ നിന്ന് നേരിട്ട് അദ്ദേഹത്തിന്റെ കൊട്ടാരക്കരയിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ ആറ് മാസത്തോളം എന്നെ തടവിൽ വെക്കുകയും ചെയ്തത് എന്തിനെന്ന് ഗണേഷ് കുമാർ പറയട്ടെ’, പരാതിക്കാരി ആരോപിച്ചു.

അതേസമയം, ഉമ്മൻ ചാണ്ടിയെ കുടുക്കാൻ നടത്തിയ ഗൂഡാലോചനയിൽ ഗണേഷ് കുമാറിനെ കൂടാതെ ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവരും ഉൾപ്പെട്ടതായാണ് സി.ബി.ഐ കണ്ടെത്തൽ. ക്ലിഫ് ഹൗസിൽവച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ തെളിവില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങൾ സി.ബി.ഐ വിശദീകരിക്കുന്നത്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ക്ലിഫ്ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ സി.ബി.ഐ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button