ഷൊർണൂർ: കവളപ്പാറ കാരക്കാട് സഹോദരിമാരുടെ മരണത്തിൽ ദുരൂഹത. സംഭവ ദിവസം വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ പിടിയിലായ ആള്‍ക്ക് രക്ഷപ്പെട്ടയാൾക്ക് പൊള്ളലേറ്റിട്ടില്ലെന്നതാണ് ദുരൂഹത ഉയർത്തുന്നത്. അഗ്നിരക്ഷാസേനയെത്തി തീയണക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
തീപ്പൊള്ളലേറ്റിട്ടില്ലെങ്കിലും ഇയാളുടെ മുഖമുൾപ്പെടെ മുറിവേറ്റ് രക്തം ഒഴുകുന്നനിലയിലായിരുന്നു. സഹോദരിമാരായ സരോജിനിയുടേയും തങ്കത്തിന്റേയും നിലവിളി ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഇവരുടെ വീട്ടിലേക്ക് ഓടിയെത്തിയത്. ഇരുവരും രണ്ട് വീടുകളിൽ ആയി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവർ ഒരു വീട്ടിലെത്തിയതും ആ സമയത്ത് പുറത്ത് നിന്നൊരാൾ ഇവിടെ എത്തിയതിനുമെല്ലാം കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സഹോദരിമാർക്ക് നാട്ടുകാരുമായോ സമീപവാസികളുമായോ അടുപ്പമില്ലായിരുന്നു എന്ന് നഗരസഭ കൗൺസിലർ പറയുന്നു.
ഇവരിൽ നിന്ന് സ്വർണാഭരണങ്ങളോ പണമോ കവരാനെത്തിയതാണോ ആൾ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പോലീസിന്റെ കസ്റ്റഡിയിലുള്ള ഇയാൾ പെയിന്റിങ്ങിനായി മുമ്പ് ഇവിടെ എത്തിയിരുന്ന പരിചയം ഉപയോഗപ്പെടുത്തിയാകാം വീട്ടിനകത്തേക്ക് എത്തിയതെന്ന് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്ത് ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ വസ്തുതകൾ വ്യക്തമാകൂ എന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.
Post Your Comments