
കാസര്‍ഗോഡ്: കാസര്‍ഗോഡ് പരപ്പയില്‍ വ്യാപാരികളുടെ ഉറക്കം കെടുത്തിയ കള്ളന്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ നടുവില്‍ സ്വദേശി സന്തോഷാണ് വെള്ളരിക്കുണ്ട് പൊലീസിന്റെ പിടിയിലായത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നൂറോളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
പരപ്പയിലെ ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റ്, സപ്ലൈകോ എന്നിവിടങ്ങളിലും ബിരിക്കുളത്തെ കൂള്‍ബാറിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കവര്‍ച്ച നടന്നത്. ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് മാത്രം അര ലക്ഷം രൂപയാണ് ഇയാൾ കവര്‍ന്നത്. സിസിടിവിയില്‍ പതിഞ്ഞിരുന്നു കള്ളന്റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ നടുവില്‍ ബേക്കുന്ന് കവല സ്വദേശി തൊരപ്പന്‍ സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ് പിടിയിലായത്.
ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയാല്‍ തുടര്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഇങ്ങനെ കിട്ടുന്ന പണം കൊണ്ട് ആഡംബരമായി ജീവിക്കും. ഒടുവില്‍ പൊലീസിന് പിടികൊടുത്ത് വീണ്ടും ജയിലില്‍ പോകും. മലയോര മേഖലകളിലെ കടകളിലാണ് പ്രധാനമായും മോഷണം നടത്താറ്. പണം മാത്രമല്ല കിട്ടുന്ന മലഞ്ചരക്കുകളും മോഷ്ടിക്കുമെന്ന് പൊലീസ് പറഞ്ഞു. പരപ്പ, ബളാല്‍ മേഖലയില്‍ ഒരാഴ്ചക്കിടെ ആറ് സ്ഥാപനങ്ങളിലാണ് ഇയാള്‍ മോഷ്ടിച്ചത്. പ്രതിയെ പരപ്പയില്‍ എത്തിച്ച് വെള്ളരിക്കുണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ സന്തോഷിനെ റിമാന്റ് ചെയ്തു.
Post Your Comments