KeralaLatest NewsNews

11ദിവസമായി മകനെ കാണാനില്ലെന്ന് അമ്മയുടെ പരാതി: അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് അനിയനെ കൊന്ന ജേഷ്ഠന്റെ കഥ, സംഭവിച്ചത്

തിരുവനന്തപുരം: 11 ദിവസമായി മകനെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് ഉണ്ടായ അന്വേഷണം ചെന്നെത്തിയത് ക്രൂരമായ കൊലപാതകത്തിന്റെ കഥയിലേക്ക്. തിരുവനന്തപുരത്ത് സ്വന്തം അനിയനെ കൊലപ്പെടുത്തിയ ജേഷ്ഠനെ പൊലീസ് കണ്ടെത്തിയത് ഇന്നലെയാണ്.

തിരുവല്ലത്തിന് സമീപം വണ്ടിത്തടത്താണ് ക്രൂര കൊലപാതകം നടന്നത്. അനുജനെ മൂത്ത സഹോദരൻ കൊന്ന് വീടിന്റെ പിറകില്‍ കുഴിച്ചുമൂടി. പറയൻവിളാകത്ത് രാജിനെയാണ് സഹോദരൻ ബിനു അതിക്രൂരമായി കൊലപ്പെടുത്തി വീടിന് സമീപത്തെ വേസ്റ്റ് കുഴിയിൽ കുഴിച്ചിട്ടത്.

35കാരനായ രാജിനെ കഴിഞ്ഞ മാസം 26 മുതൽ കാണാനില്ലായിരുന്നു. അമ്മ ബേബി പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അങ്ങനെയാണ് ഇന്നലെ രാവിലെ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ ബേബി എത്തുന്നത്.

പറയൻവിളയിലെ വീട്ടിൽ ബിനുവും രാജും അമ്മ ബേബിയും മാത്രമാണ് താമസിച്ചിരുന്നത്. രണ്ടു സഹോദരിമാർ വിവാഹം കഴിഞ്ഞ് ഭർതൃഗൃഹങ്ങളിലാണ് താമസം. വിവാഹിതനായ ബിനുവിന് 13 വർഷം മുൻപ് മാനസിക പ്രശ്നം  ഉണ്ടായതോടെ ഭാര്യ ഉപേക്ഷിച്ചു പോയി. ഇതിന് ശേഷം ഇയാൾ  പുറത്തേക്ക് ഇറങ്ങാറില്ല. വീടിന് ചുറ്റുമുള്ള വസ്തുവിൽ കുഴിയെടുക്കുകയും കല്ലുകൾ പെറുക്കിക്കൂട്ടിഇടുകയും ചെയ്യുന്നതാണ് പതിവ്.

രാജ് മദ്യപിച്ചെത്തിയാൽ ബിനുവുമായി വാക്കേറ്റവും കൈയാങ്കളിയും പതിവായിരുന്നു. സംഘർഷം പതിവായതോടെ അമ്മ ബേബി തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. എങ്കിലും ബിനുവിനും രാജിനുമുള്ള ഭക്ഷണവുമായി അമ്മ ദിവസും വീട്ടിലേക്ക് എത്തും. കഴി‍ഞ്ഞ മാസം 26നായിരുന്നു രാജിനെ അമ്മ അവസാന കാണുന്നത്. രാജ് എവിടെ എന്ന ചോദ്യത്തിന് പല കാരണങ്ങള്‍ പറഞ്ഞ് ബിനു ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് അമ്മ ബേബി തിരുവല്ലം പൊലീസിനെ സമീപിച്ചത്.

മൂത്ത മകൻ ബിനു, ഇളയവൻ രാജിനെ എന്തെങ്കിലും ചെയ്തതാണോയെന്ന സംശയം അമ്മ പൊലീസുകാരോട് പറഞ്ഞു. വീടിന് മുൻപിൽ ഉണ്ടായിരുന്ന കുഴി മൂടിയതിൽ അമ്മയ്‌ക്കുണ്ടായ സംശയവും കൊലപാതക സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടി.

പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ അധിക നേരം പിടിച്ചുനിൽക്കാൻ ബിനുവിനായില്ല. ഒടുവിൽ അനിയൻ രാജിനെ താൻ കൊന്നതാണെന്നും വീടിന് സമീപം കുഴിച്ച് മൂടിയെന്നും പൊലീസിനോട് തുറന്ന് സമ്മതിച്ചു.

വീടിന് മുന്നിൽവെച്ച് ബിനുവും രാജും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. അത് കയ്യാങ്കളിയിലേക്കെത്തി. ഇതിനിടെ തലയിടിച്ച് വീണ് രാജ് കൊല്ലപ്പെട്ടുവെന്നാണ് ബിനുവിന്‍റെ മൊഴി. അനിയൻ മരിച്ചെന്നുറപ്പായതോടെ ചവർ ഇടുന്നതിനായി രണ്ട് വർഷം മുമ്പ് എടുത്ത കുഴിയിൽ മൃതദേഹം മൂടി.

അടിയേറ്റ് വീഴുന്നതിനിടെ നിലത്ത് കിടന്ന ഹോളോബ്രിക്സിൽ രാജിന്‍റെ തലയിടിച്ചാണ് മരണമെന്ന് പൊലീസ് കരുതുന്നു. അല്ലെങ്കിൽ ഹോളോബ്രിക്സ് കട്ട കൊണ്ട് ഇടിച്ച് കൊന്നതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ബിനുവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ വ്യക്തത കിട്ടുമെന്നാണ് പ്രതീക്ഷ. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button