സംസ്ഥാനത്ത് വീണ്ടും വൈദ്യുതിക്ക് സെസ് ഏർപ്പെടുത്താൻ സാധ്യത. കഴിഞ്ഞ 2 മാസങ്ങളായി പുറത്തുനിന്ന് ഉയർന്ന നിലയ്ക്ക് വൈദ്യുതി വാങ്ങിയത് കാരണം ഉണ്ടായ അധിക ചെലവ് ജനങ്ങളിൽ നിന്ന് ഈടാക്കാനാണ് കെഎസ്ഇബിയുടെ നീക്കം. ഇത് സംബന്ധിച്ചുള്ള അനുമതി ലഭിക്കുന്നതിനായി വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ കെഎസ്ഇബി ഉടൻ സമീപിച്ചേക്കും. ഇത്തവണ യൂണിറ്റിന് 22 പൈസ ചുമത്താനാണ് കെഎസ്ഇബിയുടെ തീരുമാനം. നിലവിൽ, ബോർഡ് തീരുമാനിച്ച 10 പൈസയും, വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച 9 പൈസയും സെസ് ഇനത്തിൽ ഈടാക്കുന്നുണ്ട്. ഇതിനു പുറമേയാണ് യൂണിറ്റിന് 22 പൈസ സെസ് ചുമത്തുന്ന നടപടികളിലേക്ക് കെഎസ്ഇബി നിങ്ങുന്നത്.
പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 341.31 കോടി രൂപയാണ് കെഎസ്ഇബിക്ക് ചെലവായത്. അധിക ചെലവ് അതത് മാസം നികത്തണമെന്ന ചട്ടം നിലനിൽക്കുന്നതിനെ തുടർന്നാണ് സെസ് ഈടാക്കാനുള്ള തീരുമാനം. പുതിയ സെസ് പ്രാബല്യത്തിലായാൽ അവ മാസങ്ങളോളം നീണ്ടുപോകാനുള്ള സാധ്യതയുണ്ട്. ഇതിനോടൊപ്പം താരിഫ് വർദ്ധനവ് കൂടി ഏർപ്പെടുത്തുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് വൈദ്യുതി ഉപയോഗിക്കാൻ ഇനി ഉയർന്ന തുക ചെലവഴിക്കേണ്ടി വരും. നിലവിലെ വൈദ്യുതിക്ഷാമം ഒഴിവാക്കാൻ ദിവസേന 20 കോടി രൂപയോളം കെഎസ്ഇബിക്ക് ചെലവാകുന്നുണ്ട്. ഓരോ ദിവസവും 20 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെയാണ് പുറത്തുനിന്നും വാങ്ങുന്നത്.
Post Your Comments