അന്ന് സെപ്റ്റംബർ 3 ഞായറാഴ്ച അസാധാരണമായ ഒരു യാത്രയിൽ പങ്കെടുക്കുവാൻ ഞാൻ കോഴിക്കോട്ടേക്ക് തിരിച്ചു, എഴുത്തിലൂടെ വിപ്ലവങ്ങൾ സൃഷ്ടിച്ച കേരളത്തിലെ മഹാരഥന്മാരായ എഴുത്തുകാരുടെ കാൽപതിഞ്ഞ മണ്ണിലൂടെ ആ ഗന്ധവും കുളിരും അടുത്തറിഞ്ഞ് ഒരു യാത്ര ചെയ്യാൻ വേണ്ടിയായുരുന്നു അത്.. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പേരക്ക ബുക്സ് ആണ് ഇതിന് വഴിയൊരുക്കിയത്.
കേരളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ കൂടെ എഴുത്തിന്റെ ലോകത്തിൽ അധികമൊന്നും സഞ്ചരിക്കാത്ത കാർട്ടൂൺ മാത്രം വരക്കുന്ന ഞാനും യാത്രയിൽ പങ്കാളിയായി, എസ്കെ പൊറ്റക്കാടിന്റെ പുതിയറയിലുള്ള വീടായ ചന്ദ്രകാന്തത്തിന് അടുത്തുള്ള മന്ദിരത്തിൽ നിന്നാണ് യാത്രയുടെ തുടക്കം ഒരു മഹാ സഞ്ചാരിയുടെ കാൽ തൊട്ട് വന്ദിച്ചിട്ടു തന്നെ ഞങ്ങൾ യാത്ര തുടങ്ങി അവിടെ എസ്കെ പൊറ്റക്കാടിന്റെ മ്യൂസിയത്തിൽ ചില്ലരമാല കളിൽ സുക്ഷിച്ചിരിക്കുന്ന അക്ഷരക്കൂട്ടുകൾ, പുരസ്കാരങ്ങൾ, അംഗീകാരങ്ങൾ, ഡയറികൾ, പത്രക്കുറിപ്പുകൾ, ഉടയാടകൾ, ഗ്രന്ഥശേഖരം എല്ലാം തന്നെ അദ്ദേഹത്തിന്റെ ജീവിതവും ഉജ്ജ്വലമായ യാത്രയും ഞങ്ങൾക്ക് പറഞ്ഞു തന്നു മുകളിലത്തെ നിലയിൽ ഒരു ദേശത്തിൻറെ കഥ ചിത്രീകരിച്ച ചുമർ ചിത്രങ്ങൾ ഏറെ കൗതുകമുണർത്തി, എസ് കെ യുടെ വലിയ ചിത്രത്തിനു മുന്നിൽ അദ്ദേഹത്തിൻറെ കൂടെ ഒരു സെൽഫി എടുക്കാനും ഞാൻ മറന്നില്ല….. യാത്ര തുടർന്നു: ബേപ്പൂർ സുൽത്താന്റെ മണ്ണിലേക്ക്.
അവിടെ ബേപ്പൂരിൽ വൈലാലിലുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ മകൻ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു അവിടെ മുറ്റത്തു പടർന്നു പന്തലിച്ചു സുന്ദരിയായി നിൽക്കുന്ന മാങ്കോസ്റ്റിൻ മരം അതിൻ ചുവട്ടിൽ കുറച്ചുനേരം നിന്നു, പിന്നെ വീടിന്റെ ഒരു കൊച്ചു റൂമിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കൂട്ടുകാരായ അവശേഷിപ്പുകൾ കൗതുകത്തോടെ നോക്കി നിന്നു തുണി കൊണ്ടുള്ള ആ ചാരുകസേരയും കണ്ണടയും,ഗ്രാമഫോണും പേനയും ഉടയാടകളും എല്ലാം….
ഇതിനിടയിൽ പേരക്കയുടെ ഡോ:ഉഷാറാണി എഴുതിയ ” ഇമ്മിണി ബല്യ ഒന്ന് ” എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. പുസ്തകം അനീഷ് ബഷീറിന് നൽകി അബു ഇരിങ്ങാട്ടിരി പ്രകാശനം നിർവഹിച്ചു. ഈ സമയത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീറിന് ഒരു കാരിക്കേച്ചർ തൽസമയം വരച്ച് നൽകാനും ഞാൻ മറന്നില്ല.
പിന്നീട് ഭാഷാ പിതാവിന്റെ മണ്ണായ തുഞ്ചൻപറമ്പിലേക്കാണ് ഞങ്ങൾ പോയത് അവിടെയെത്തി ഒരു വലിയ മരച്ചുവട്ടിൽ വിശ്രമിച്ചു മനോഹരമായ ആ ഭൂമിയിലെ സാംസ്കാരിക കേന്ദ്രങ്ങളും ഉദ്യാനവും നിർമിതികളും എല്ലാം ആസ്വദിച്ചു കണ്ടു. മലയാളം സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ശ്രീ ഗണേഷ് ഞങ്ങളുമായി സംവദിച്ചു അദ്ദേഹത്തിനും ഞാനൊരു കാരിക്കേച്ചർ വരച്ച് സമ്മാനമായി നൽകി.
ഉച്ചയ്ക്ക് നല്ലൊരു സദ്യയും കഴിച്ച് യാത്രതുടർന്നു പിന്നെ നിളയുടെ ഓരം പറ്റി വള്ളുവ നാട്ടിലേക്ക്…. ഒരുപാട് മഹാരഥന്മാരുടെ സംഗമ ഭൂമിയിലേക്കായിരുന്നു ആ യാത്ര ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന മനോഹരമായ വയലുകളും പുൽമേടുകളും എല്ലാം ആസ്വദിച്ചായിരുന്നു ഞങ്ങളുടെ യാത്ര. മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരനും കവിയും നിരൂപകനും പ്രഭാഷകനുമായ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ സാറിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. ഒരു സാംസ്കാരിക കേന്ദ്രം തന്നെയായിരുന്നു അത്. അവിടെ ഓണാഘോഷങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത്രയും തിരക്കിനിടയിലും അദ്ദേഹം ഞങ്ങളെ വളരെ ഊഷ്മളമായി സ്വീകരിച്ചിരുത്തി. ഒരു വീട് മുഴുവൻ നിറഞ്ഞിരിക്കുന്ന അദ്ദേഹത്തിന് കിട്ടിയ പുരസ്കാരങ്ങൾ എന്നെ അത്ഭുതപ്പെടുത്തി ഒരുപാട് ചിത്രകാരന്മാരും കാർട്ടൂണിസ്റ്റുകളും വരച്ച് സമ്മാനിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങളും ചുമരിൽ നിരത്തി തൂക്കിയിട്ടു വെച്ചിട്ടുണ്ട്.
അവിടെയും പുസ്തകത്തിന്റെ പ്രകാശനം ഉണ്ടായിരുന്നു. എംടിയുടെ പേരിൽ പുറത്തിറങ്ങിയ പുസ്തകം മുതിർന്ന എഴുത്തുകാരൻ ബീരാൻ സാർ ശ്രീആലങ്കോട് ലീലാകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങി. ഈ സമയത്ത് ഞാനും അദ്ദേഹത്തിന് ഒരു ക്യാരിക്കേച്ചർ വരച്ചു സമ്മാനിക്കാൻ മറന്നില്ല. അദ്ദേഹം എന്നെ അഭിനന്ദിച്ചു.
നല്ലൊരു മധുരവും കഴിച്ച് ഞങ്ങൾ അവിടെ നിന്നും എംടി വാസുദേവൻ നായർ താമസിച്ചിരുന്ന കൂടല്ലൂരിലേക്ക് പുറപ്പെട്ടു ആദ്യം അദ്ദേഹത്തിന്റെ സഹോദരന്റ വീട്ടിലേക്കാണ് പോയത് സഹോദരൻ ശ്രീ എംടി രവി ഞങ്ങളുമായി ഒരുപാട് അനുഭവങ്ങൾ പങ്കിട്ടു. നാല് കെട്ടും ഇരുട്ടിന്റെ ആത്മാവും അസുരവിത്തും, തുടങ്ങി എണ്ണമറ്റ കഥകളും നോവലുകളും പിറന്നയുടെ തറവാട് വീട് നിന്നിരുന്ന സ്ഥലവും അദ്ദേഹം എഴുതാനായി ഉപയോഗിച്ച അശ്വതി എന്ന കോട്ടേഴ്സും ഞങ്ങൾ കണ്ടു പിന്നീട് പോയത് ക്യാപ്റ്റൻ ലക്ഷമിയുടെ ആനക്കരയിലെ തറവാടായ വടക്കത്ത് വീട്ടിലേക്ക് ആയിരുന്നു ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ വിപ്ലവകാരിയും ഇന്ത്യൻ നാഷണൽ ആർമിയിലെ ഉദ്യോഗസ്ഥയും ആസാദ് സർഹിന്ദി സർക്കാറിലെ വനിതാ കാര്യമന്ത്രിയുമായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി.
നീണ്ട മനോഹരമായ പാതയിലൂടെ ഞങ്ങൾ നടന്നു നീങ്ങി, നാഗരികത തൊട്ടു തീണ്ടിയിട്ടില്ലാത്ത മനോഹരമായ പ്രദേശം അതിനു നടുവിൽ പ്രൗഢഗംഭീരമായ മനോഹരമായ ഒരു വീട് ആയിരുന്നു അത്. മനോഹരമായ വീടും നടുമുറ്റവും തൂണുകളും വാതിലുകളും പുരാതന രീതിയിലുള്ള കിണറും കപ്പിയും മുറ്റത്തെ തുളസിത്തറയും പൂജക്കു വേണ്ടി ഒരുക്കിയ പ്രത്യേക സ്ഥലവും.
വീടിന്റെ ആ ഭംഗി ആവോളം ആസ്വദിച്ചെങ്കിലും ആളൊഴിഞ്ഞ ആ ഗേഹം ഞങ്ങളെ വല്ലാതെ നൊമ്പരപ്പെടുത്തി നീലത്താമരയടക്കം നിരവധി സിനിമകൾ ചത്രീക്കരിച്ച ആ വീട്ടിൽ നിന്ന് ഞങ്ങൾ യാത്രതിരിച്ചു അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. പുന്നയൂർകുളം എന്ന മാധവിക്കുട്ടിയുടെ വീടും കലാമണ്ഡലവും എല്ലാം കാണാൻ ബാക്കിവെച്ച് ഞങ്ങൾ മടങ്ങി.
യാത്രയിലുടനീളം അംഗങ്ങൾ പാട്ടുകൾ പാടിയിരുന്നു. ശരീഫ് വി കാപ്പാടിന്റെ ഗസൽ ഏറെ ആസ്വാദ്യമായിരുന്നു. പാടിയും കഥകൾ പറഞ്ഞും വളരെ ആസ്വദിച്ചായിരുന്നു ഞങ്ങളുടെ യാത്ര….
അബു ഇരിങ്ങാട്ടിരി, ഹരീഷ് കോട്ടൂര്‍, ശരീഫ് വി കാപ്പാട്, വീരാന്‍ അമരിയില്‍, ബിന്ദു ബാബു, ആരിഫ അബ്ദുല്‍ ഗഫൂര്‍, അത്തീഫ് കാളികാവ്, ഹംസ ആലുങ്ങല്‍, ജലജ പ്രസാദ്, കദീജ ഉണ്ണിയമ്പത്ത്, ശബ്‌നം ഷെറിന്‍, അഷ്ഫാഖ്, സുബൈദ ടീച്ചര്‍, മൈസൂനഹാനി, മുഹമ്മദ് ഹാനി, ബഷീര്‍ കിഴിശ്ശേരി, ധന്യ അഭിലാഷ്, നജ ഹുസൈന്‍, എംപി വിജയകുമാര്‍, സുധീര്‍ കുമാര്‍, രമ ജിവി അമല ടിഎസ്, ജമീല ശരീഫ് ബി നേഷ് ചേമഞ്ചേരി എന്നിവരായിരുന്നു യാത്രയിലെ അംഗങ്ങൾ
എല്ലാം ഓൺലൈനായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വായന മരിച്ചുകൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ വാനയുടെ പ്രാധാന്യം, പുസ്തകങ്ങളുടെ പ്രാധാന്യം എല്ലാം വിളിച്ചോതിക്കൊണ്ട് ഇങ്ങനെ ഒരു യാത്ര സംഘടിപ്പിച്ച ശ്രീ ഹംസ ആലുങ്ങലിനും പേരക്ക ബുക്സിനും ബിഗ് സല്യൂട്ട്.
Post Your Comments