പുതുപ്പള്ളി: കഴിഞ്ഞ ദിവസമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞത്. വലിയ പോളിംഗ് നടന്ന തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍. തിരഞ്ഞെടുപ്പിന്റെ ചൂടെല്ലാം ആറിയ ശേഷം ഇന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മൻ സിനിമ കാണാനെത്തിയത് വാർത്തയായിരുന്നു. രജനികാന്ത് നായകനായ ജയിലർ കാണാനായിരുന്നു ചാണ്ടി ഉമ്മൻ എത്തിയത്. എന്നാൽ, പിതാവ് ഉമ്മൻ ചാണ്ടി മരണപ്പെട്ട് അധികം തികയുന്നതിന് മുൻപ് സിനിമയ്ക്ക് പോയെന്ന് ആരോപിച്ച് ചാണ്ടി ഉമ്മനെതിരെ വിമർശന കമന്റുകൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപെട്ടു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസ്.
സിനിമയ്ക്കു പോകുന്നതും പാട്ടു കേൾക്കുന്നതുമൊക്കെ ഒരാളുടെ സ്വകാര്യ കാര്യമാണെന്നും, അവരെ അവരുടെ വഴിക്ക് വിടണമെന്നും ജെയ്ക്ക് പ്രതികരിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സിനിമ കാണാൻ പോയ വിവരം മാധ്യമപ്രവർത്തകർ അറിയിച്ചപ്പോഴായിരുന്നു ജെയ്ക്കിന്റെ പ്രതികരണം. സിനിമയ്ക്കു പോകുകയോ പാട്ടു കേൾക്കുകയോ കുടുംബത്തോടൊപ്പം ചെലവഴിക്കുകയോ ചെയ്യുന്നത് അവരുടെ അവകാശമാണ് എന്നും ജെയ്ക്ക് വ്യക്തമാക്കി.
ജയിലര്‍ സിനിമ കാണുന്നതിന് വേണ്ടി തീയേറ്ററിൽ എത്തിയെങ്കിലും തിരക്ക് കാരണം കാണാന്‍ പറ്റിയില്ല എന്നാണ് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഭാഷ പഠിക്കാന്‍ ഇഷ്ടമുള്ളതിനാല്‍ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ കാണാറുണ്ടെന്നും സിനിമ കാണുന്നത് ഭാഷ പഠിക്കാന്‍ കൂടിയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതേസമയം, ആവേശം കൊടുമുടി കയറിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തില്‍ 2021നേക്കാള്‍ നേരിയ കുറവ് വന്നതോടെ കണക്കുകള്‍ കൂട്ടി കാത്തിരിക്കുകയാണ് മൂന്ന് മുന്നണികളും. വോട്ടെണ്ണാൻ രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്.
Post Your Comments