ന്യൂഡല്‍ഹി: നെല്ല് സംഭരണ വില കൃത്യവും സമഗ്രവുമായ കണക്ക് കേരളം നല്‍കാതെ നെല്ല് സംഭരണത്തിലെ കുടിശിക നല്‍കില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം. കൃത്യമായി നല്‍കിയ കണക്കനുസരിച്ചുള്ള തുക ഇതിനകം അനുവദിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്.
2017-18 വര്‍ഷത്തില്‍ നെല്ല് സംഭരിച്ച വകയില്‍ 742.68 കോടി രൂപയാണ് കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടത്. കേന്ദ്ര ഭക്ഷ്യ വകുപ്പ് 736.31 കോടി രൂപ അനുവദിച്ചു. 2019-20 വര്‍ഷം 1221.76 കോടി രൂപ ആവശ്യപ്പെട്ടു. കേന്ദ്രം 1033.38 കോടി രൂപ അനുവദിച്ചു. ഏറ്റവുമൊടുവില്‍ 2023-24 വര്‍ഷം ഇതിനോടകം മുന്‍കൂറായി 34.30 കോടി രൂപ അനുവദിച്ചെന്നാണ് കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആദ്യ കാലങ്ങളില്‍ 5 ശതമാനത്തോളം തുകയായിരുന്നു പിടിച്ചു വച്ചിരുന്നെങ്കില്‍ പിന്നീടത് 15 ശതമാനത്തോളം വരെയെത്തി. സംസ്ഥാനം സമര്‍പ്പിക്കുന്ന കണക്കുകളിലെ പൊരുത്തക്കേടുകളാണ് തുക തടഞ്ഞുവെക്കാന്‍ കാരണമെന്നാണ് കേന്ദ്രം വിശദീകരണം നല്‍കിയിരിക്കുന്നത്.
2017 മുതല്‍ കേരളം ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് കഴിഞ്ഞ 10 വര്‍ഷത്തെ സംസ്ഥാനത്തിനനുവദിച്ച സബ്‌സിഡിയുടെ കണക്ക് പുറത്തുവിട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 2016-17 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തത തേടിയുള്ള കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്ക് കേരളം മറുപടി നല്‍കിയിട്ടില്ലെന്നും കേന്ദ്രത്തിന്റെ രേഖ വ്യക്തമാക്കുന്നു. 2021 ഫെബ്രുവരി ഒന്നിന് കണക്കുകള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ട് കേരളത്തിന് കത്തയച്ചെന്നും കേന്ദ്രം പറയുന്നു.
Post Your Comments