ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു. ഇതിനായി ജയിൽനിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. ഇതോടെ പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജയിലുകളിൽ നിലനിന്നിരുന്ന ജാതിവിവേചനത്തിന് അറുതിയാകുകയാണ്. തടവുകാരെ ജാതിയടിസ്ഥാനത്തിൽ തരംതിരിക്കുകയും ജോലിനിശ്ചയിക്കുകയും ചെയ്യുന്നതൊഴിവാക്കാനാണ് സർക്കാർ ജയിൽ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതിവരുത്തിയിരിക്കുന്നത്.
2016-ലെ മോഡൽ പ്രിസൺ മാന്വലും 2023-ലെ മോഡൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് നിയമവുമാണ് ഭേദഗതിചെയ്തത്. 2023-ലെ നിയമത്തിൽ 55(എ) എന്ന പുതിയ വകുപ്പുചേർത്താണ് ജാതിവിവേചനം അവസാനിപ്പിക്കാൻ വ്യവസ്ഥവെച്ചത്.ഇതുപ്രകാരം ജയിലുകളിൽ തടവുകാരെ ജാതിയടിസ്ഥാനത്തിൽ തരംതിരിക്കാനോ വർഗീകരിക്കാനോ വിവേചനംകാട്ടാനോ പാടില്ല.
പുതിയ നീക്കത്തിലൂടെ കേന്ദ്രസർക്കാർ തോട്ടിപ്പണി നിരോധനനിയമം ജയിലുകളിലും ബാധകമാക്കി. 2013-ലെ തോട്ടിപ്പണി നിരോധന പുനരധിവാസനിയമം ജയിലുകളിലും കറക്‌ഷൻ സ്ഥാപനങ്ങളിലും ബാധകമാക്കിയതോടെ ജയിലുകളിലെ സെപ്റ്റിക് ടാങ്കുകൾ തടവുകാരെ ഇറക്കി വൃത്തിയാക്കുന്നത് വിലക്കി. ജയിലുകളിലെ ജാതിവിവേചനം ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ ഒക്ടോബർ മൂന്നിലെ വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നടപടി. സംസ്ഥാനങ്ങൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകി.
Post Your Comments