വയനാട് മേപ്പാടിയിലെ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതില്‍ ഉത്തരവ് ഉടന്‍ ഉണ്ടായേക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ കേന്ദ്രത്തിന് അയച്ച കത്തിന്റെ മറുപടിയിലാണ് അതി തീവ്ര ദുരന്തമായി അംഗീകരിച്ചത് കേന്ദ്രം അറിയിച്ചത്. ഇതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഇനി ഉണ്ടാകണം. എസ്ഡിആര്‍എഫിന്റെ രണ്ട് ഗഡു മുന്‍കൂറായി അനുവദിച്ചിരുന്നു.
അതിതീവ്രദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ ധനസഹായം കേരളം പ്രതീക്ഷിക്കുന്നുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2219 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതില്‍ അനുകൂല തീരുമാനം ഉണ്ടായേക്കും. കൂടാതെ വിവിധ വകുപ്പുകളില്‍ പ്രത്യേകം ധനസഹായവും കേരളത്തിന് ആവശ്യപ്പെടാനാകും.
അതേസമയം, മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവില്‍ ആശയക്കുഴപ്പമുണ്ട്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ശരിവെയ്ക്കുന്ന കോടതി, എസ്റ്റേറ്റ് ഉടമകള്‍ക്ക് മുന്‍കൂര്‍ പണം നല്‍കണമെന്ന് കൂടി പറയുന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ അനുമതി നല്‍കി ഈ മാസം 27ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച് രണ്ട് തരത്തിലുളള പരാമര്‍ശങ്ങളാണ് വിധിയിലുളളത്.
മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം ഏറ്റെടുക്കാനുളള സര്‍ക്കാര്‍ തീരുമാനം
ഹൈകോടതി ശരിവെയ്ക്കുന്നുണ്ട്. എന്നാല്‍ ഡി.എം.ആക്ട് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിക്ക് മുന്‍കൂര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാരും എസ്റ്റേറ്റ് ഉടമകളും തമ്മില്‍ ഇപ്പോള്‍ തന്നെ കേസുണ്ട്. കേസില്‍പ്പെട്ടഭൂമി ഏറ്റെടുക്കുമ്പോള്‍ കോടതിയില്‍ പണം കെട്ടിവെയ്ക്കുന്നതാണ് നിലവിലുളള കീഴ്‌വഴക്കം. എന്നാല്‍ കേസില്‍ തീര്‍പ്പ് വരുന്നതിന് മുന്‍പ് തന്നെ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
Post Your Comments