കോയമ്പത്തൂര്‍: പന്നിപ്പടക്കം കടിച്ച് വായ തകര്‍ന്ന് ഭക്ഷണം കഴിക്കാനാവാതെ പിടിയാന പട്ടിണി കിടന്ന് ചരിഞ്ഞു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.
നിരോധിത നാടന്‍ സ്ഫോടകവസ്തു കടിച്ച് ആനയുടെ വായയില്‍ ആഴത്തില്‍ മുറിവുണ്ടായതോടെ ഭക്ഷണം കഴിക്കാനാവാതെയാണ് ആനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.
കോയമ്പത്തൂർ ഫോറസ്റ്റ് റേഞ്ചിലെ തടഗം നോർത്തിലാണ് ആനയെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് ഫീല്‍ഡ് സ്റ്റാഫ് വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഫോറസ്റ്റ് കൺസർവേറ്റർ എസ് രാമസുബ്രഹ്മണ്യൻ, ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ എ സുകുമാർ, കോയമ്പത്തൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ അരുൺകുമാർ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.
സ്ഫോടകവസ്തു കടിച്ചതിനെ തുടര്‍ന്ന്, ആനയുടെ വായിൽ മുറിവേറ്റിട്ടുണ്ടെന്ന് വെറ്ററിനറി ഓഫീസർ പരിശോധനയ്ക്ക് ശേഷം പറഞ്ഞു. വായിലെ മുറിവിനെ തുടർന്ന്, കുറച്ച് ദിവസങ്ങളായി ആന ഭക്ഷണം കഴിക്കാതെ അവശ നിലയിലായിരുന്നു. ആന്റിബയോട്ടിക്കും ഗ്ലൂക്കോസും നൽകി ആനയുടെ ജീവന്‍ നിലനിര്‍ത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. പക്ഷെ ഇന്നലെ ഉച്ചയോടെ ആന ചരിഞ്ഞു. ആറ് വയസ്സുള്ള പിടിയാനയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
Post Your Comments