ഗാന്ധിനഗർ: ഇറച്ചിക്കടയിൽ കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. പെരുമ്പായിക്കാട് സംക്രാന്തി പഴയ എം.സി റോഡിനോട് ചേർന്നുള്ള ചീമാച്ചേരിൽ സാബുവിന്റെ കോഴിയിറച്ചി കടയിലെ തൊഴിലാളികളായ റഷിദുൾ ഹക്ക് (28), ഹബീബുള്ള (23) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും അസം സ്വദേശികളാണ്.
കോട്ടയം സംക്രാന്തിയിൽ ആണ് സംഭവം. ഇറച്ചിവെട്ടുന്ന പലകയുടെ അടിയിൽ ഒളിപ്പിച്ച് മാസങ്ങളായി ഇവർ മയക്കുമരുന്ന് ഉൾപ്പെടെ വിൽപന നടത്തിവരുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് കോട്ടയം സർക്കിൾ ഇൻസ്പെക്ടർ ഇ.പി സിബിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു.
കോഴിക്കടയിൽ നിരവധി ചെറുപ്പക്കാരുടെ സാന്നിധ്യം മനസ്സിലാക്കിയ എക്സൈസ് സംഘം വേഷം മാറിയാണ് ഇവരെ നിരീക്ഷിച്ചിരുന്നത്. ഇറച്ചി വാങ്ങി പോകുന്നവരുടെ കൈയ്യിൽ കഞ്ചാവ് പൊതി കൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. വിൽപന നേരിട്ടു കണ്ട എക്സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ കൈയ്യിൽ നിന്നും വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ കട പരിശോധിക്കുകയായിരുന്നു.
കോഴിക്കൂട്ടിലും, ഇറച്ചിവെട്ടുന്ന പലകയുടെ അടിയിലുമായി നിരവധി കഞ്ചാവ് പൊതികളാണ് സൂക്ഷിച്ചിരുന്നത്. കടയുടമ സാബുവിനെയും മുമ്പ് നിരവധി തവണ ഇതേ കുറ്റത്തിന് എക്സൈസ് പിടികൂടിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെ പിടികൂടാൻ തുടരന്വേഷണം ആരംഭിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ആനന്ദ് രാജ്.ബി, ബാലചന്ദ്രൻ. എ, സിവിൽ എക്സൈസ് ഓഫീസർ ശ്രീകാന്ത് ടി.എം എക്സൈസ് ഡ്രൈവർ അനസ് സി.കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments