സൗരയൂഥത്തിൽ ജീവന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ള ഗ്രഹമാണ് ഭൂമി. വിവിധ കാലയളവുകളിലായി നിരവധി ജീവജാലങ്ങൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുകയും, അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. ഇത്തവണ മനുഷ്യവംശത്തെ കുറിച്ചുള്ള പുതിയ പഠന റിപ്പോർട്ടാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്. 9 ലക്ഷം വർഷങ്ങൾക്കു മുൻപ് മനുഷ്യൻ വംശനാശത്തിന്റെ വക്കിൽ എത്തിയിട്ടുണ്ടെന്നാണ് പഠനം. 9 ലക്ഷം വർഷം മുൻപ് മനുഷ്യരാശി പ്രത്യുൽപാദനശേഷിയുള്ള 1,280 ആളുകളിലേക്ക് മാത്രമായി ചുരുങ്ങിയെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച സയൻസ് ജേർണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ചൈന, ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ഒരു സംഘം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഒരു പുതിയ കമ്പ്യൂട്ടർ മോഡലിനെ അടിസ്ഥാനമാക്കി 3,154 മനുഷ്യ ജീനോമുകളിൽ നിന്നുള്ള ജനിതക വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. 9 ലക്ഷം വർഷം മുൻപ്, അതുവരെ ഉണ്ടായിരുന്നതിൽ ഏകദേശം 98.7 ശതമാനം മനുഷ്യരും ഭൂമുഖത്തുനിന്ന് ഇല്ലാതായെന്നാണ് വിവരം. ജനസംഖ്യാപരമായ ഈ തകർച്ച ഫോസിൽ രേഖകളിലെ വിടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഗവേഷകരുടെ വാദം. അതേസമയം, ജനസംഖ്യാപരമായ തകർച്ച ഹോമോസാപ്പിയൻസിന്റെയും, നീയാണ്ടർത്താലുകളുടെയും പൊതു പൂർവികരായ ഒരു പുതിയ ഹോമിനിൻ വിഭാഗത്തിന്റെ ആവിർഭാവത്തിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് നിഗമനം.
Post Your Comments